കൊറോണയെ നേരിടാൻ നാട്യങ്ങളല്ല സമഗ്ര ഇടപെടലുകളാണ് പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് കെ.സി.വേണുഗോപാൽ

Jaihind News Bureau
Saturday, April 4, 2020

 

ന്യൂഡല്‍ഹി:  കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും സമഗ്രമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആശുപത്രികളെയും ആരോഗ്യകേന്ദ്രങ്ങളേയും സജ്ജമാക്കുക, ആരോഗ്യപ്രവര്‍ത്തകര്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ഒപ്പം അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമഗ്രമായ സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കേണ്ടതായുണ്ട്.
ഈ നിർണായക വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതിനുപകരം, പ്രധാനമന്ത്രി തന്‍റെ  ഉത്തരവാദിത്തങ്ങളിൽ നിന്നും കടമകളിൽ നിന്നും ഒളിച്ചോടാൻ വെറും നാടകീയമായ പ്രവൃത്തികളാണ് നടത്തുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ദുരന്തവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍, ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും പിപിഇ നൽകൽ, ദുരിതബാധിതരെ കണ്ടെത്താനും അവര്‍ക്ക് വേണ്ട ചികിത്സാസഹായമൊരുക്കുനതിനും വേണ്ടി നമ്മുടെ ആരോഗ്യസംവിധാനത്തെ  വികസിപ്പിക്കേണ്ടതുണ്ട്. ഇതോടൊപ്പം ലാേക്ഡൗണ്‍ പ്രഖ്യാപനത്തെതുടര്‍ന്ന് ദുരിതത്തിലായ സാധാരണക്കാരുടെ പ്രശ്നങ്ങള്‍,  കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി, ദൈനംദിന കൂലിത്തൊഴിലാളികളുടെ പ്രശ്നങ്ങൾ,കച്ചവടക്കാര്‍, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളുടെ പ്രശ്നങ്ങള്‍  എന്നിവ കൈകാര്യം ചെയ്യാൻ പ്രധാനമന്ത്രിയുടെ  ഭാഗത്ത് നിന്നും സമഗ്രമായ ഇടപെടുകളാണ്  ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

 

എന്നാല്‍ ഇത്തരം ആശങ്കകളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് പകരം പ്രധാനമന്ത്രി ഒന്നിനു പുറകെ ഒന്നായി, ലൈറ്റുകൾ  അണയ്ക്കാനും കൈയ്യടിക്കാനും തുടങ്ങി നാടകീയ കാര്യങ്ങളാണ് പറയുന്നത്. പ്രചോദനവും ഐക്യവും ഈ സമയത്ത് ആവശ്യമാണെങ്കിലും സർക്കാരിന്‍റെ പ്രതികരണം കേവലം നാടകങ്ങളിലും വാക്കുകളിലും മാത്രമായി പരിമിതപ്പെടുത്തരുത്.  സാധാരണക്കാരുടെ പ്രധാനപ്രശ്നങ്ങള്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികവും ആരോഗ്യവുമായ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പ്രധാനമന്ത്രി ഉടൻ തന്നെ സമഗ്രമായ സാമ്പത്തിക പാക്കേജ് സംസ്ഥാന സർക്കാരുകൾക്കായി പ്രഖ്യാപിക്കണമെന്നും  കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.