മുല്ലപ്പള്ളിക്കെതിരായ നടപടി മോദി സ്റ്റൈലിന്‍റെ ലേറ്റസ്റ്റ് എഡിഷന്‍; പിണറായി സർക്കാരിനെതിരെ കെ.സി വേണുഗോപാല്‍

Saturday, August 31, 2019

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പിണറായി സർക്കാരിന്‍റെ പ്രതികാര നടപടിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടകേസ്സ് ഫയൽ ചെയ്യാൻ ഡിജിപി ലോക്നാഥ് ബഹ്റക്ക് ആഭ്യന്തര വകുപ്പ് അനുമതി നൽകിയെന്നതിനപ്പുറം ഒരു തമാശ കേരള രാഷ്ട്രീയം 2019 ൽ കാണാനിടയില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

പോലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചുo പോലീസുകാരെ മുതൽ ഹൈക്കോടതി ജഡ്ജിമാരെ വരെ മൈക്ക് വെച്ച് തെറി പറഞ്ഞും പ്രൊമോഷന് യോഗ്യത തരപ്പെടുത്തുന്ന എസ്.എഫ്.ഐക്കാർ മുതൽ പോളിറ്റ് ബ്യൂറോ മെംബർമാർ വരെയുള്ള സി.പി.എം നേതൃത്വം കൊടുക്കുന്ന ഒരു സർക്കാരാണ് ബെഹ്റയ്ക്ക് കേസ് നടത്താൻ അനുമതി നൽകിയെന്നതിലെ വൈരുദ്ധ്യം സാക്ഷര കേരളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുംചെയ്യുമെന്നുറപ്പാണ്.

എതിരാളികളെ നേരിടാൻ രാഷ്ട്രീയ അടവുകൾ തികയാതെ വരുമ്പോൾ അധികാരം ദുരുപയോഗം ചെയ്യുന്ന മോദി സ്റ്റെലിന്‍റെ ലേറ്റസ്റ്റ് എഡിഷനാണിത്. ചുരുക്കത്തിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അന്തരം ഇനിയൊന്നുമില്ലെന്ന് എല്ലാവർക്കും മനസിലായിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.