എഐസിസി പ്രതിനിധികള്‍ ലക്ഷദ്വീപിലേക്ക് ; ദ്വീപിനെ കശ്മീരാക്കാന്‍ ശ്രമമെന്ന് കെ.സി വേണുഗോപാല്‍ എം.പി

Jaihind Webdesk
Tuesday, May 25, 2021

 

തിരുവനന്തപുരം : ലക്ഷദ്വീപില്‍ ഏകാധിപതിയായ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ദ്വീപിനെ മറ്റൊരു കാശ്മീരാക്കി മാറ്റാനാണ് ശ്രമം. എഐസിസി പ്രതിനിധികള്‍ ഉടന്‍ ലക്ഷദ്വീപിലേക്ക് പോകുമെന്നും  അദ്ദേഹം പറഞ്ഞു.

ദ്വീപിന് ദ്വീപിന്റേതായ ജീവിതരീതിയും സംസ്‌കാരവുമുണ്ട്. ഇവയെ വെല്ലുവിളിച്ച് ജനങ്ങളില്‍ അശാന്തിയുടെ വിത്ത് പാകുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്തത്. സമാധാനപരമായി ജീവിച്ചിരുന്ന ഒരു ജനതയെ ശത്രുക്കളായി പ്രഖ്യാപിച്ച് അവര്‍ക്കെതിരായുള്ള നടപടികള്‍ പ്രതികാരബുദ്ധിയോടെ സ്വീകരിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

നടപടിക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കും. ഇത്തരം നടപടികള്‍ ഒരിക്കലും അനുവദിക്കില്ല. എഐസിസി പ്രതിനിധികള്‍ അടിയന്തരമായി ലക്ഷദ്വീപിലേക്ക് പോകും. ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.