തിരുവനന്തപുരം: നര്‍മത്തിന്‍റെ മര്‍മ്മം അറിഞ്ഞ കലാകാരനായിരുന്നു മാമുക്കോയയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അനുശോചിച്ചു. സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ സിനിമാലോകത്ത് തന്‍റെതായ ഇടം കണ്ടെത്തിയ കലാകാരന്‍. ഹാസ്യം മാത്രമല്ല, എല്ലാ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. മലബാര്‍ ഭാഷാ ശൈലിയെ കൂടുതല്‍ ജനപ്രീതിയിലെത്തിച്ചതില്‍ മാമുക്കോയയുടെ പങ്ക് ചെറുതല്ല. നിലപാടുകള്‍ എന്നും വെട്ടിത്തുറന്ന് പറഞ്ഞിരുന്ന മലയാള സിനിമയിലെ ജനകീയ മുഖമായിരുന്നു മാമുക്കോയെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു.
നാടക രംഗത്ത് നിന്ന് സിനിമയിലേക്കുള്ള രംഗപ്രവേശം മലയാള സിനിമയുടെ ചരിത്രം കൂടിയാണ്. മലയാളി ആസ്വാദക മനസ്സുകള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത കുറേ നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച ശേഷമാണ് അദ്ദേഹം ഈ ലോകത്ത് നിന്നും പിന്‍വാങ്ങിയത്. അദ്ദേഹത്തിന്‍റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. പകരം വെയ്ക്കാനില്ലാത്ത ആ അതുല്യപ്രതിഭയുടെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.സി വേണുഗോപാല്‍ പറഞ്ഞു.