
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ ഒളിച്ചുകളി നടത്തുകയാണെന്നും മുഖ്യമന്ത്രി തന്റെ നിലപാട് ‘അതെ’ എന്നോ ‘അല്ല’ എന്നോ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ നടന്ന കെപിഎംഎസ് സംസ്ഥാന സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ യുവതീപ്രവേശനം വേണമെന്ന നിലപാട് വേദിയില്‍ ആവര്‍ത്തിച്ചിട്ടും, ഉദ്ഘാടകനായ മുഖ്യമന്ത്രിയോ പ്രസംഗകനായ മന്ത്രി കെ. രാജനോ മറുപടി നല്‍കാത്തതിനെ വേണുഗോപാല്‍ ചോദ്യം ചെയ്തു. ഒരു പ്രമുഖ നടന് വേദനിച്ചപ്പോള്‍ മാപ്പുപറഞ്ഞ മുഖ്യമന്ത്രി, വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളെ വ്രണപ്പെടുത്തിയതില്‍ എന്തുകൊണ്ട് മാപ്പുപറയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
2007ലെ വി.എസ്. സര്‍ക്കാരിന്റെ സത്യവാങ്മൂലം മാറ്റം വരുത്താതെയാണ് പിണറായി സര്‍ക്കാരും കോടതിയില്‍ നല്‍കിയത്. ഇപ്പോള്‍ മതപണ്ഡിതരുടെ അഭിപ്രായം തേടി കോടതി തീരുമാനിക്കട്ടെ എന്ന ഒളിച്ചുകളിയാണ് സര്‍ക്കാര്‍ നടത്തുന്നത്. വിശ്വാസികളുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനോ അവര്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ക്ഷേത്രാചാരങ്ങളെ സ്ത്രീസ്വാതന്ത്ര്യവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും യുവതീപ്രവേശനത്തോട് യോജിപ്പില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ ദൃഢമായ നിലപാടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് വേണുഗോപാല്‍ വെല്ലുവിളിച്ചു. മറുപടി നല്കാന് തയ്യാറായില്ലെങ്കില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് പുല്ലുവില നല്കുന്നവരെയും അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നവരെയും ജനങ്ങളുടെ കോടതി വിചാരണ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.