പിണറായി സർക്കാർ സമസ്ത മേഖലകളിലും പരാജയപ്പെട്ടു; ജനദ്രോഹത്തിന്‍റേയും കൊള്ളയുടേയും കേന്ദ്രമായി സെക്രട്ടേറിയറ്റ് മാറിയെന്ന് കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Wednesday, August 5, 2020

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ജനദ്രോഹത്തിന്‍റേയും കൊള്ളയുടേയും കേന്ദ്രമായി സെക്രട്ടേറിയറ്റ് മാറി. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രതിരോധ ചുമതല പൊലീസിനെ ഏല്‍പ്പിച്ചത് വിഡ്ഢിത്തമായ തീരുമാനമാണ്. കൊവിഡിനെ നേരിടുന്നതിനായി രാപ്പകല്‍ അധ്വാനിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പ്രതിരോധ ചുമതല പൊലീസിന് കൈമാറിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരെ തരംതാഴ്ത്തുന്ന നടപടിയാണിതെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.എസ്.സി യെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ അരങ്ങുതകർക്കുകയാണ്.  പിന്‍വാതില്‍ നിയമനങ്ങളില്‍ സർവ്വകാല റെക്കോർഡിട്ട സർക്കാറെന്ന ബഹുമതിയും പിണറായി സർക്കാരിന് അവകാശപ്പെട്ടതാണ്. ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളുടെ രോഷാഗ്നിയില്‍ സർക്കാർ വെന്തുവെണ്ണീറാകും. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനാകില്ലെന്ന സർക്കാർ തീരുമാനം പിന്‍വാതില്‍ നിയമനങ്ങള്‍ക്കുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ട്രഷറികള്‍ തട്ടിപ്പുകേന്ദ്രങ്ങളായി മാറി. പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സർക്കാരിന് കഴിയുന്നില്ല. സർക്കാരിന് അധികാരത്തില്‍ തുടരാനുള്ള അർഹതയില്ല.  ഇത്തരത്തില്‍ ജനദ്രോഹപരമായ സർക്കാരിനെതിരെ ശക്തമായ പോരാട്ടവുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.