പ്രളയ ദുരിതാശ്വാസ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവാക്കി: കെ.സി. ജോസഫ്

Jaihind Webdesk
Friday, May 3, 2019

തിരുവനന്തപുരം: പ്രളയക്കെടുതിക്കുശേഷം ദുരിതാശ്വാസത്തിനായി ലഭിച്ച ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതായി കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എല്‍.എ കുറ്റപ്പെടുത്തി.

ജനുവരി 28ന് നിയമസഭയില്‍ നല്‍കിയ 66ാം നമ്പര്‍ ഉത്തരത്തിനുള്ള മറുപടി അനുസരിച്ച് 1854 കോടി രൂപ പ്രളയത്തിന് മാത്രമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നീക്കിയിരുപ്പ് ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കായി ഈ പണം വകമാറ്റി ചെലവഴിച്ചതുകൊണ്ടാണ് ദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകാത്തതെന്ന് കെ.സി. ജോസഫ് പറഞ്ഞു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്റ് പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. പൂര്‍ണ്ണമായും തകര്‍ന്ന വീടുകളുടെ പത്ത് ശതമാനത്തിന്റെ പോലും പുനര്‍നിര്‍മ്മാണം തുടങ്ങാന്‍ പ്രളയം ഉണ്ടായി എട്ടരമാസം കഴിഞ്ഞിട്ടും കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ സൂചനയാണ്.

സന്നദ്ധ സംഘടനകള്‍ നിര്‍മ്മാണം ഏറ്റെടുത്ത നൂറുകണക്കിന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. എന്നാല്‍ വീടുകളുടെ നാശനഷ്ടം നിര്‍ണ്ണയിക്കാനോ ഇതുമായി ബന്ധപ്പെട്ട അപ്പീലുകള്‍ തീര്‍പ്പാക്കാനോ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അടിയന്തിരമായി ജില്ലകളിലെ ചുമതലയുള്ള മന്ത്രിമാരുടെ യോഗം ചേര്‍ന്ന് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്ന് കെ.സി. ജോസഫ് ആവശ്യപ്പെട്ടു.