കത്വ പീഡനക്കേസില്‍ വിധി ഇന്ന്

Jaihind Webdesk
Monday, June 10, 2019

കത്വ കൂട്ട ബലാൽസംഗക്കേസിൽ പ്രത്യേക വിചാരണ കോടതിയുടെ വിധി ഇന്നുണ്ടായേക്കും. എട്ടുപ്രതികൾ കുറ്റക്കാരാണോ എന്നാകും കോടതി വിധി പറയുക. പഠാന്‍കോട്ടിലെ ജില്ല സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. 2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് കാരണമായ സംഭവം നടന്നത്.

ജമ്മു കശ്മീരിലെ കത്വയിലായിരുന്നു കേസിനാസ്പദമായ സംഭവം. ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും ഭയപ്പെടുത്തി തുരത്തിയോടിക്കുന്നതിനാണ് ആ കൂട്ടത്തില്‍ തന്നെയുള്ള പെൺകുട്ടിയെ ദിവസങ്ങളോളം തടവിൽ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തട്ടിക്കൊണ്ട് പോയ ശേഷം ക്ഷേത്രത്തിൽ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുന്നത്. എട്ട് പ്രതികളാണ് കേസിലുള്ളത്.

മുന്‍ റവന്യു ഉദ്യോഗസ്ഥന്‍ സാഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്. സാഞ്ജി റാമിന്‍റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍, സുഹൃത്ത്, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തു. ആദ്യം കേസ് അന്വേഷിച്ച എസ് ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ക്ക് കൂട്ട് നിന്നു.

ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. കേസിന്‍റെ കുറ്റപത്രം കഠ്‍വ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് സുപ്രീംകോടതിയാണ് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. കോടതിയുത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്. 275 തവണ ഹിയറിങ് നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു. പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രായപൂര്‍ത്തിയെത്താത്ത ഒരു പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല.