കാസർകോട്ടെ ഭൂഗർഭ ജലശോഷണത്തിന് പരിഹാര നിർദ്ദേശങ്ങളുമായി ജലനയം

Jaihind News Bureau
Saturday, July 20, 2019

കാസർകോട്ടെ ഭൂഗർഭ ജലശോഷണത്തിന് പരിഹാര നിർദ്ദേശങ്ങളുമായി ജലനയം. ജില്ലയിൽ പഠനം നടത്തിയ കേന്ദ്ര വിദഗ്ധരുടെ നിർദ്ദേശങ്ങളടക്കം ഉൾക്കൊള്ളിച്ചാണ് ജലനയത്തിന്‍റെ കരട് തയ്യാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം വിവിധ വകുപ്പുകളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് ജലനയത്തിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

ഭൂഗർഭ ജലശോഷണം രൂക്ഷമായതിനെ തുടർന്നാണ് വവിധങ്ങളായ ജലസംരക്ഷണ പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം നടത്തുന്നത്. ജില്ലയിലെ ആറ് ബ്ലോക്കുകളിൽ നാലിടത്തും ജലദൗർലഭ്യം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പരിഹാരം കാണുന്നതിനുള്ള പദ്ധതികളാണ് ജലശക്തി അഭിയാനിലൂടെ ആവിഷ്‌കരിച്ചിട്ടുള്ളത്. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തവും ഉറപ്പ് വരുത്താനാണ് തീരുമാനം.

ജലനയം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി വിവിധ വകുപ്പ് പ്രതിനിധികളെയും തദ്ദേശസ്ഥാപനപ്രതിനിധികളെയും വിളിച്ച് ചേർത്ത് വിശദമായ ചർച്ച നടന്നു. മറ്റു സംസ്ഥാനങ്ങളിൽ ജലസംരക്ഷണത്തിനായി നടത്തുന്ന പദ്ധതികളെ പഠിച്ച് ജില്ലക്കനുയോജ്യമായവ നടപ്പിൽ വരുത്തും.

ഭൂഗർഭജല നിരപ്പ് വർധിപ്പിക്കുന്നതിനായി ബാംബു കാപിറ്റൽ, ജലമാണ് ജീവൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിനകം നടന്നു വരുന്നുണ്ട്. ജില്ലയിലെ 12 നദികളിലും റെഗുലേറ്റർ കം ചെക് ഡാമുകൾ അനിവാര്യമാണെന്ന് നേരത്തെ കേന്ദ്ര സംഘം വിലയിരുത്തിയിരുന്നു. ഒപ്പം വിവിധ തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന പദ്ധതികളും കൂടി സംയോജിപ്പിച്ച് ജില്ലയിലാകെ വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.