കരുവന്നൂർ വായ്പാ തട്ടിപ്പ് : ബാങ്കില്‍ ബാക്കിയുള്ളത് 25 ലക്ഷം രൂപ മാത്രം; വെട്ടിലായി ഇടപാടുകാർ

Jaihind Webdesk
Saturday, July 31, 2021

തൃശൂർ : നിക്ഷേപിച്ച പണം തിരിച്ചു കിട്ടാൻ കരുവന്നൂർ ബാങ്കിൽ എത്തുന്ന നൂറു കണക്കിന് പേർ നിരാശരായി മടങ്ങുന്നു. ഇനി 25 ലക്ഷം രൂപ മാത്രമാണ് ബാങ്കിൽ ബാക്കിയുള്ളത്. സൂപ്പർ മാർക്കറ്റിലെ വരുമാനം ഉപയോഗിച്ച് ദൈനം ദിന കാര്യങ്ങൾ മുന്നോട്ടു നീക്കുകയാണ് ഉദ്യോഗസ്ഥർ. സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പാണ് അരങ്ങേറിയത്.

ആഴ്ചയിൽ 150 പേർക്കാണ് ഇപ്പോൾ ബാങ്ക് പണം മടക്കി നൽകുന്നത്. ഒരാൾക്ക് പരമാവധി പതിനായിരം രൂപ നൽകും. എല്ലാ തിങ്കളാഴ്ചയുമാണ് ടോക്കൺ നൽകുക. വെളുപ്പിന് അഞ്ച് മണിക്കെങ്കിലും പോയാലെ ടോക്കൺ കിട്ടൂ. കേരള ബാങ്കിൽ നിന്നു ഫണ്ട് കിട്ടിയാൽ പോലും ആവശ്യക്കാർക്ക് മുഴുവൻ പണം നൽകാനാവില്ല. ഇതിന് കുറേ കടമ്പകൾ നീക്കുകയും വേണം. കേരള ബാങ്ക് പ്രതിനിധി കരുവന്നൂരിലെത്തി സാമ്പത്തിക സ്ഥിതി വിലയിരുത്തി ഘട്ടം ഘട്ടമായേ ഫണ്ട് നൽകൂ . മാത്രമല്ല റിസർവ് ബാങ്ക് അനുമതി നൽകുമോ എന്ന കാര്യത്തിനും ഉറപ്പില്ല.

ഈ സാഹചര്യത്തിൽ ബാങ്കിലെ സ്വർണ്ണ പണയ വായ്കൾ ഉൾപ്പെടെ തിരിച്ചു പിടിക്കാൻ നടപടി തുടങ്ങി. പക്ഷേ വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തി വായ്പകൾ തിരിച്ചുപിടിക്കാൻ കഴിയാത്ത സാഹചര്യമാണ്. സർക്കാരിന്‍റെ പ്രത്യേക പാക്കേജിലേക്കാണ് ഇടപാടുകാർ ഇപ്പോൾ ഉറ്റു നോക്കുന്നത്.