കര്‍ണാടക ബി.ജെ.പിയില്‍ കൂട്ടരാജി; സുള്ള്യ എം.എല്‍.എയ്ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പാര്‍ട്ടിയില്‍ പടയൊരുക്കം

Friday, August 23, 2019

ബംഗളൂരു: രാഷ്ട്രീയ കുതിരക്കച്ചവടം നടത്ത മുഖ്യമന്ത്രിയായ ബി.എസ്. യുദ്യൂരപ്പയ്ക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തിരിച്ചടികള്‍ തുടങ്ങി. ആദ്യ മന്ത്രിസഭയില്‍ സുള്ള്യ എം.എല്‍.എ എസ്. അംഗാരയ്ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ചത് 150ലേറെ ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ശതകോടികള്‍ ചെലവിട്ട് എം.എല്‍.എമാരെ വാങ്ങുമ്പോള്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും തഴയുന്നു എന്നുകാട്ടിയാണ് കൂട്ടരാജി. അഞ്ചുതവണ എം.എല്‍.എയായ മുതിര്‍ന്ന നേതാവ് അംഗാരയ്ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തിലും അംഗാരയെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പാര്‍ട്ടിയുമായുള്ള സകല ബന്ധവും അവസാനിപ്പിക്കുമെന്നും ഇപ്പോഴുള്ളത് മുന്നറിയിപ്പ് മാത്രമാണെന്നും രാജിവെച്ചവര്‍ പറയുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടി നേതൃത്വത്തിന്റെ ഒരു നിര്‍ദ്ദേശവും അനുസരിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്തത് വിഷമിപ്പിച്ചുവെന്നും പാര്‍ട്ടിയോട് വിശ്വസ്തത പുലര്‍ത്തിയിട്ടും ഇതുവരെ മന്ത്രിസ്ഥാനം ലഭിച്ചില്ലെന്നും അംഗാര പ്രതികരിച്ചു. ആദ്യഘട്ട മന്ത്രിസഭയില്‍ ദക്ഷിണ കന്നടയില്‍ നിന്നുള്ള ആരെയും യെദ്യൂരപ്പ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.