കൊവിഡ്-19: അതിർത്തി റോഡ് മണ്ണിട്ട് അടച്ചു; കേരളം ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ കർണാടക

കാസർഗോഡ് : കേരള മുഖ്യമന്ത്രി ഇടപെട്ടിട്ടും കേരള-കർണാടക അതിർത്തിയിലെ മാക്കൂട്ടം ചുരംപാതയിൽ മണ്ണിട്ട് റോഡ് തടസപ്പെടുത്തിയത് നീക്കം ചെയ്യാതെ കർണാടക സർക്കാർ. പച്ചക്കറി വണ്ടികൾ ഉൾപ്പെടെ അതിർത്തിയിൽ കുടുങ്ങി. മണ്ണ് നിറച്ച് സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയതിൽ കേന്ദ്ര സർക്കാറിനെ ആശങ്ക അറിയിച്ച് കേരളം.

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണിന്‍റെ പേരിലാണ് കർണാടക സർക്കാർ കണ്ണൂരിൽ നിന്ന് കർണാടകയിലേക്കുള്ള മാക്കൂട്ടം ചുരം പാതയിൽ മണ്ണിട്ട് നിറച്ച് സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ കേരളവും കർണാടകവും തമ്മിലുള്ള ഗതാഗത ബന്ധം പൂർണമായും തടസപ്പെട്ട അവസ്ഥയാണ്. കേരളത്തിന്‍റെ ഭാഗമായുള്ള ഭൂമിയിലാണ് കർണാടകം മണ്ണിട്ട് നിറച്ച് റോഡ് തടസപ്പെടുത്തിയിരിക്കുന്നത് . സംഭവമറിഞ്ഞ് എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. അദ്ദേഹം കുടക് എസ്.പിയുമായി ചർച്ചനടത്തി. കളക്ടറുടെ നിർദേശപ്രകാരമാണ് മണ്ണ് നിറയ്ക്കൽ നടത്തുന്നതെന്ന് പോലീസ് സംഘം എസ്‌.പിയെ അറിയിച്ചു. തുടർന്ന് എസ്.പി കുടക് ജില്ലാ കളക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇതിന് ഇടയിൽ കർണാടകയിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റോഡ് പൂർണമായും മണ്ണിട്ട് തടസപ്പെടുത്തി. കൂട്ടുപുഴയിൽ പുതിയ പാലം നിർമിക്കുന്നതിന് സമീപമാണ് ഇപ്പോൾ മണ്ണിട്ട് തടസപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശം കേരളത്തിന്‍റെ അധീനതയിലാണ്. റോഡിൽ മണ്ണിട്ടതോടെ ഇതു വഴിയുള്ള ചരക്കു ഗതാഗതം പൂർണമായും തടസപ്പെട്ടു.കേരളത്തിലേക്കുള്ള പച്ചക്കറി ലോറികൾ ഉൾപ്പടെ അതിർത്തിയിൽ കുടുങ്ങി.

അതിർത്തി അടച്ചതോടെ  അരി, പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ചരക്കുനീക്കം നിശ്ചലമായി. കേരളത്തിലേക്ക് വന്ന നിരവധി പ്പേരും വഴിയിൽ കുടുങ്ങി. കർണാടകത്തിൽ നിന്ന് വയനാട്-മുത്തങ്ങ വഴി ഉള്ള ഒരു അതിർത്തി ചെക്ക് പോസ്റ്റ് നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നുള്ള നിലപാടാണ്  കർണാടകത്തിന്. ഇതോടെ ഉത്തര മലബാറിൽ അവശ്യ വസ്തുക്കൾക്ക് വില വർധിക്കുന്ന സാഹചര്യമുണ്ടാകും.  പ്രശ്നത്തിൽ കേന്ദ്രം ഇടപെടുമെന്ന പ്രതീക്ഷയിലാണ് കേരള സർക്കാർ. സണ്ണി ജോസഫ് എം.എൽ.എ കർണാടകയിലെ എം.എൽ.എമാർ ഉൾപ്പടെയുള്ളവരുമായി പ്രശ്നം ചർച്ച ചെയ്തെങ്കിലും മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാൻ കർണാടക തയാറായില്ല.

Comments (0)
Add Comment