ഉദ്ഘാടന വേദിയില്‍ ബി.ജെ.പി എം.പിമാരുടെ തമ്മില്‍തല്ല്

Jaihind Webdesk
Wednesday, December 26, 2018

ബംഗളൂരു: പൊതുപരിപാടിയില്‍ ബി.ജെ.പി എം.പിമാരുടെ ഏറ്റുമുട്ടല്‍. അതിഥികളുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താതിരുന്നതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. കര്‍ണാടക ലോക്‌സഭാ അംഗമായ സുരേഷ് അംഗഡിയും രാജ്യസഭാ എം.പിയായ പ്രഭാകര്‍ കോറെയും തമ്മിലായിരുന്നു വാക്കുതര്‍ക്കം. ബംഗളൂരുവിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടന വേദിയിലായിരുന്നു ഏറ്റുമുട്ടല്‍.

പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ കോറെയുടെ പേര് ഇല്ലായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാന്‍ എത്തിയ അംഗഡിയോട് കോറെ കയര്‍ത്ത് സംസാരിച്ചതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം തുടങ്ങിയത്. സാമാന്യബുദ്ധിയോട് സംസാരിക്കണമെന്ന് പറഞ്ഞ അംഗഡിയോട്, അത് തന്നെ പഠിപ്പിക്കേണ്ടെന്ന് ആയിരുന്നു കോറെയുടെ മറുപടി.
വേദിയില്‍ ബിജെപിയുടെയും മറ്റ് പാര്‍ട്ടികളുടെയും നേതാക്കളും റെയില്‍വേ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഒടുവില്‍ അംഗഡി ഇടപെട്ട് കോറെയെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തതോടെയാണ് പിരിമുറുക്കം അയഞ്ഞത്.