ഇടത് എംഎല്‍എ കാരാട്ട് റസാഖിനും സ്വർണ്ണക്കടത്തില്‍ പങ്കെന്ന് മൊഴി | VIDEO

Jaihind News Bureau
Monday, October 26, 2020

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കാരാട്ട് റസാഖ് എംഎൽഎക്കും കാരാട്ട് ഫൈസലിനുമെതിരായ മൊഴി പുറത്ത്. റമീസ് സ്വർണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നൽകിയ മൊഴിയാണ് പുറത്തുവന്നത്. മൊഴിയുടെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.  കാരാട്ട് ഫൈസലിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ജൂലായ് എട്ടിനാണ് സന്ദീപിന്‍റെ ഭാര്യ സൗമ്യയിൽ നിന്നും കസ്റ്റംസ് മൊഴിയെടുത്തത്. സ്വപ്നയുടെ ഒത്താശയോടുകൂടി സന്ദീപും, സരിത്തും, റമീസും നടത്തുന്ന സ്വർണക്കടത്ത് സംബന്ധിച്ച് സൗമ്യക്ക് വ്യക്തമായ വിവരമുണ്ടെന്നാണ് കണ്ടെത്തൽ. സ്വർണക്കടത്തിനെ എതിർത്തപ്പോൾ സന്ദീപ് ശാരീരിക ഉപദ്രവം നടത്തിയെന്നും സൗമ്യ നൽകിയ മൊഴിയിലുണ്ട്. കൊടുവള്ളിയിലുള്ള കാരാട്ട് റസാഖിനും  ഫൈസലിനും വേണ്ടിയാണ് റമീസ് സ്വർണം കടത്തുന്നതെന്നും സൗമ്യ മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയുടെ ഒത്താശയോടുകൂടിയാണ് സ്വർണക്കടത്തെന്നും മൊഴിയിൽ പറയുന്നു.

ഡിപ്ലോമാറ്റിക് ബാഗേജ് സന്ദീപിന്‍റെ വീട്ടിൽ കൊണ്ടുവന്നാണ് സ്വർണം പുറത്തെടുത്തിരുന്നെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വപ്നയെ പുറത്തുവിട്ടാൽ രാജ്യത്തിന് സാമ്പത്തിക ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി  കേന്ദ്ര ഇക്കണോമിക് ഇന്‍റലിജൻസ് ബ്യൂറോയ്ക്ക് കസ്റ്റംസ് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിലാണ് സൗമ്യയുടെ മൊഴിയടക്കം രേഖപ്പെടുത്തിയിരിക്കുന്നത്.  മൊഴിപകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. കേന്ദ്ര ഇക്കണോമിക് ഇന്‍റലിജൻസ് ബ്യൂറോയ്ക്ക് കസ്റ്റംസ് നൽകിയ റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്കെതിരെ  കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വർണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗൺസിലറായ കാരാട്ട് ഫൈസലാണെന്നതിന് കസ്റ്റംസിന് നേരത്തെ തെളിവ് ലഭിക്കുകയും  വീട് റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുക്കുകയും കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യുകയുമുണ്ടായി.  സ്വർണക്കടത്ത് കേസിൽ കാരാട്ട് റസാഖ് എംഎൽഎക്കും കാരാട്ട് ഫൈസലിനുമെതിരായ മൊഴി പുറത്ത് വന്നതോടെ സ്വർണ്ണക്കടത്ത് കേസിൽ ഇടതുമുന്നണി കൂടുതൽ പ്രതിരോധത്തിലാകുകയാണ്.