കര്‍ണാകയിലെ രാഷ്ട്രീയ വിവാദങ്ങള്‍ തുടരുന്നു. മന്ത്രിസഭ വികസനത്തിന് പിന്നാലെ ഇടം കിട്ടാത്ത മുതിർന്ന നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. അണികൾ പരസ്യമായി തെരുവിലിറങ്ങിയതോടെ അസംതൃപ്തരായ എംഎൽഎമാർ പ്രത്യേക യോഗം ചേരും.
മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ളവർ പോലും പ്രതിഷേധവുമായി രംഗത്തുണ്ട്. അടുപ്പക്കാരെ ഉൾപ്പെടുത്താൻ കഴിയാത്തതിൽ യെദ്യൂരപ്പയും അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. മുതിർന്ന നേതാക്കൾ പലരും ചൊവ്വാഴ്‌ച സത്യപ്രതിജ്ഞാചടങ്ങിൽനിന്ന് വിട്ടുനിന്നിരുന്നു.
തന്‍റെ സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും നേതൃത്വത്തിൽ സമ്മർദം ചെലുത്തുമെന്നും മുതിര്‍ന്ന നേതാവും ചിത്രദുർഗ എംഎൽഎയുമായ ജി എച്ച് തിപ്പ റെഡ്ഡി പറഞ്ഞു. അദ്ദേഹത്തിന്‍റെ അനുയായികൾ പ്രതിഷേധവുമായി തെരുവിലേയ്ക്കും ഇറങ്ങി. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു.
ആറുതവണ എംഎൽഎയായ അംഗാരയും അവഗണയിലെ പ്രതിഷേധം അറിയിച്ചു. എംഎൽഎമാരായ ഗൂളിഹട്ടി ശേഖർ, രാമപ്പ ലാമണി തുടങ്ങിയവരും പ്രതിഷേധത്തിലാണ്. ഉപമുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും തഴയപ്പെട്ട യെദ്യൂരപ്പയുടെ അടുപ്പക്കാരന്‍ കൂടിയായ അരവിന്ദ് ലിംബാവാളി .
മന്ത്രി സഭയില്‍ ഇടം നേടിയ 17 പേരില്‍ അശ്ലീല വീഡിയോ കണ്ടതിനെത്തുടര്‍ന്ന് വിവാദത്തിലായ ബിജെപി നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നതും മുഖ്യമന്ത്രിയ്ക്ക് തലവേദന സൃഷ്ടിക്കുകയാണ്. 2012 ഫെബ്രുവരിയില്‍ നിയമസഭാ സമ്മേളനത്തിനിടയില്‍ അശ്ലീല വീഡിയോ ക്ലിപ്പ് കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും ആണ് യെദ്യൂരപ്പയുടെ മന്ത്രിസഭയിലും ഇടം നേടിയത്.
2012ല്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവദിയും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സിസി പാട്ടീലും നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്.