കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് പരിതോഷികമായി പുനർനിയമനം

Jaihind Webdesk
Tuesday, November 23, 2021


മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമന വിവാദത്തിനിടെ ഇന്ന് കാലാവധി അവസാനിച്ച കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ വൈസ് ചാൻസലർ ആയി പുനർനിയമനം നൽകിക്കൊണ്ട് ചാൻസിലർ കൂടിയായ ഗവർണർ ഉത്തരവിട്ടു. സംസ്ഥാനത്ത് ഒരു വൈസ് ചാൻസലർക്ക് പുനർനിയമനം നൽകുന്നത് ആദ്യമായാണ്. നാല് വർഷമാണ് വിസി യുടെ കാലാവധി.

പുതിയ വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതിന് ഗവർണർ നിയമിച്ച പ്ലാനിങ് ബോർഡ് ചെയർമാൻ കൺവീനർ ആയുള്ള മൂന്നംഗ കമ്മറ്റി പുതിയ വൈസ്ചാൻസലറെ കണ്ടെത്തുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്.

സർവലാശാല ചട്ടപ്രകാരം നിലവിലെ വൈസ് ചാ ൻസർക്ക് പുനർനിയമനം നൽകുവാനായി പുതിയ പാനലിൽ ഉൾക്കൊള്ളിക്കുവാൻ വ്യവസ്തയുണ്ട്. സെർച്ച് കമ്മിറ്റി അവഗണിച്ചുകൊണ്ട് രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് 61 വയസ്സ് പൂർത്തിയായ ഡോ: ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയിരിക്കുന്നത്.

യൂണിവേഴ്സിറ്റി ചട്ടപ്രകാരം വൈസ് ചാൻസലറായി നിയമിക്കപ്പെടുന്ന ആൾക്ക് 60 വയസ്സ് പൂർത്തിയാകാ ൻ പാടില്ല എന്നുള്ളതുകൊണ്ട് പുനർനിയമനതിനും വയസ്സിന്‍റെ വ്യവസ്ഥ ബാധകമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ പുനർനിയമനം ചട്ട ലംഘനമാണെന്ന് ചൂണ്ടി കാണിക്കപെടുന്നു. എന്നാൽ സർക്കാരിന്‍റെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി നിലവിലുള്ള നിയമത്തിൻറെ തുടർച്ചയാണെന്നതു കൊണ്ട് വയസ്സിന്റെ നിബന്ധന ബാധകമല്ലെന്ന നിയമ ഉപദേശത്തിന്റെ വെളിച്ചത്തിലാണ് ഗവർണർ ഉത്തരവിട്ടത്.

രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് വേണ്ടി തിരക്കിട്ട് നിയമന വിജ്ഞാപനം പുറപ്പെടുകയും, അപേക്ഷ സ്വീകരിച്ച തൊട്ടടുത്ത ദിവസം സ്ക്രീനിങ് കമ്മിറ്റിയെ നിയമിക്കുകയും, നാലു ദിവസത്തിനുള്ളിൽ തന്നെ ഓൺലൈനായി ഇൻറർവ്യൂ നടത്തി, യുജിസി യോഗ്യതകൾ മറികടന്ന് രാഗേഷിന്റെ ഭാര്യയ്ക്ക് ഒന്നാംറാങ്ക് നൽകുന്നതിന് വിസി കാട്ടിയ ശുഷ്കാന്തിയ്ക്ക് പാരിതോഷികമായാണ് ചട്ടവിരുദ്ധമായി അദ്ദേഹത്തിന് പുനർനിയമനം നൽകിയതെന്ന് ആക്ഷേപമുണ്ട്.

വരുന്ന ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന എല്ലാ വിസി മാരും  പുനർ നിയമനത്തിനായുള്ള രാഷ്ട്രീയ സമ്മർദ്ദം ശക്തമാകുമെന്നും സർവലാശാല ചട്ടങ്ങളും പ്രായ പരിധിയും അവഗണിച്ചു് സേർച്ച്‌ കമ്മിറ്റിയുടെ ശുപാർശ കൂടാതെ പുനർനിയമനം നൽകിയ ഗവർണറുടെ ഉത്തരവ് പി റദ്ദാക്കണമെന്ന് ഗവർണറോട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസ്സറായി നിയമനം നൽകിയതിന് പരിതോഷിക്കമായാണ് വിസി യുടെ പുനർ നിയമനമെന്നും, നിയമനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും സമിതി അറിയിച്ചു.