പ്രവാസിയുടെ ജീവനെടുത്തത് കണ്ണൂര്‍ സി.പി.എമ്മിലെ ഗ്രൂപ്പിസം; പി. ജയരാജന്റെ ഇടപെടല്‍ എം.വി. ഗോവിന്ദന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല; പാര്‍ട്ടിയിലെ തമ്മില്‍തല്ല് കേരളത്തെ കലുഷിതമാക്കുന്നു

Jaihind Webdesk
Thursday, June 20, 2019

കണ്ണൂര്‍: കേരളം ഭരിക്കുന്ന സി.പി.എമ്മിനെ ഭരിക്കുന്നത് കണ്ണൂര്‍ നേതാക്കളാണ്. കണ്ണൂര്‍ നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കം കേരള ഭരണത്തെ സ്തംഭിപ്പിച്ചിരിക്കുന്ന അവസ്ഥയാണ് കഴിഞ്ഞദിവസങ്ങളില്‍ സാക്ഷ്യം വഹിക്കുന്നത്. അന്തൂര്‍ നഗരസഭയിലെ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്യാനിടയായതും കണ്ണൂരിലെ നേതാക്കളുടെ ഈഗോ പടലപ്പിണക്കങ്ങളാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സി.പി.എം എന്ന സംഘടന കണ്ണൂരിലേക്ക് ഒതുങ്ങിയതോടെ കണ്ണൂരിലെ വിവാദങ്ങളും കേരളത്തിനെയൊട്ടാകെ ബാധിക്കുകയാണ്. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കൊടിയേരിയ്ക്കെതിരെ റേപ്പ് കേസുമായി ബിഹാര്‍ സ്വദേശിയായ യുവതി രംഗത്തെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവമുണ്ടാകുന്നത്. കേരളത്തില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നവരെ മരണത്തിലേക്ക് തള്ളിവിടുന്നത് ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ് ഇപ്പോള്‍. ലോകം മുഴുവന്‍ സഞ്ചരിച്ച് മുഖ്യമന്ത്രി പ്രവാസികളോട് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ പറയുകയും പാര്‍ട്ടിയിലെ നേതാക്കള്‍ ഓരോ തടകള്‍ വെച്ച് വ്യവസായികളെ കൊല്ലുകയും ചെയ്യുകയാണ്.

പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ ചെയ്തി പാര്‍ട്ടിയെ ബാധിക്കില്ലെന്ന് പറഞ്ഞ് ന്യായങ്ങള്‍ ചമയ്ക്കുമ്പോഴും പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ സി.പി.എം പ്രതിക്കൂട്ടില്‍ തന്നെയാണ്. പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന ആന്തൂര്‍ പഞ്ചായത്തില്‍ 15 കോടിയോളം രൂപ മുടക്കിയാണ് പ്രവാസി വ്യവസായി തന്റെ സ്വപ്നങ്ങള്‍ കെട്ടിപ്പൊക്കിയത്. ഇതിനാണ് പാര്‍ട്ടിനേതാക്കള്‍ അനുമതി നിഷേധിച്ചത്.

പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ജീവനൊടുക്കാന്‍ കാരണം നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള തന്നെയെന്ന് ആരോപിച്ച് കുടുംബം രംഗത്തു വന്നതോടെയാണ് ഇതിന് പിന്നിലെ നേതാക്കളുടെ പാരവെയ്പ്പും പടലപ്പിണക്കങ്ങളും ജനങ്ങള്‍ക്ക് ഭീഷണിയായി മാറുന്നത്. സാജന്റെ കുടുംബത്തോട് വെല്ലുവിളിയും ഭീഷണിപ്പെടുത്തലും ഉണ്ടായെന്നാണ് സാജന്റെ കുടുംബം പറയുന്നത്. വിഷയത്തില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇടപെട്ടത് അധ്യക്ഷക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതും തങ്ങളോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും സാജന്റെ ഭാര്യയും പിതാവും ആരോപിച്ചു. കണ്ണൂരില്‍ പി. ജയരാജന്റെ വളര്‍ച്ച മറ്റ് നേതാക്കള്‍ക്ക് തലവേദനയായിരുന്നു. ഗത്യന്തരമില്ലാതെ പി. ജയരാജന്റെ സഹായം തേടിയതാണ് വ്യവസായിക്ക് വിനയായതെന്ന് ശ്യാമളയുടെ വാക്കുകള്‍ തന്നെ വ്യക്തമായ സൂചന നല്‍കുന്നുണ്ട്.
നിങ്ങള്‍ മുകളില്‍ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും മുകളില്‍ നിന്നു തന്നെ വാങ്ങിക്കോ’ എന്നു വെല്ലുവിളിച്ചു. ‘ഞാനീ കസേരയില്‍ ഉള്ളിടത്തോളം കാലം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ല’ എന്നും അവര്‍ ഭീഷണി മുഴക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയും കൂടിയാണ് പി. കെ ശ്യാമള.

നഗരസഭ ഭരണ സമിതിയിലെ വിഭാഗീയതയും അനുമതി നിഷേധിച്ചതിന് പിന്നിലുണ്ടെന്നും സാജന്റെ കുടുംബം പറയുന്നു. 15 കോടി മുടക്കി നിര്‍മ്മിച്ച പാര്‍ഥ കന്‍വെന്‍ഷന്‍ സെന്റര്‍ ഇനി ഒരിക്കലും തുറക്കാനാവില്ലെന്ന കടുത്ത മാനസിക വിഷമത്തിലാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്ന് ഉറപ്പിച്ച് പറയുകയാണ് ഭാര്യ ബീന.

സാജന്റെ മരണം വിവാദമായ സാഹചര്യത്തില്‍ ആന്തൂര്‍ നഗസഭാ ചെയര്‍പേഴ്സണിനെതിരെ വലിയ ആരോപണങ്ങളുമായി നിരവധി പേരാണ് മുന്നോട്ടു വന്നിരിക്കുന്നത്.

ആന്തൂരിലെ ശുചീകരണ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി ശ്യാമളയാണെന്നാണ് വനിത വ്യവസായി സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിക്കുന്നത്. കോയമ്പത്തൂരോ മുംബൈയിലോ പോയി സ്ഥാപനം തുടങ്ങാന്‍ ചെയര്‍പേഴ്സണ്‍ ഉപദേശിച്ചെന്നും ഇവര്‍ ഫെയ്സ്ബുക്കിലൂടെ പറയുന്നു. ഇവരും സിപിഎം അനുഭാവിയായ സംരഭകയാണ്. പത്തു ലക്ഷം ആയിരുന്നു മുതല്‍മുടക്ക്. ഇത് നാല്‍പ്പത് ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ശ്യാമളയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരില്‍ ഇവര്‍ ശുചീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് ആന്തൂര്‍ നഗരസഭ രൂപീകരിച്ചതോടെ മലിനീകരണമുണ്ടാക്കുന്നു എന്ന പേരില്‍ സംരംഭം അടച്ചു പൂട്ടാന്‍ നോട്ടീസ് ലഭിക്കുകയായിരുന്നു. പ്രവര്‍ത്തനം തുടരാനുള്ള അനുമതിക്കായി കയറിയിറങ്ങിയിട്ടും രക്ഷയുണ്ടായില്ല. ഇത്രയധികം ബുദ്ധിമുട്ടിക്കാനെന്താണ് കാരണമെന്ന് മറ്റുള്ളവര്‍ വഴി രഹസ്യമായി അന്വേഷണം നടത്തിയപ്പോള്‍ സോഹിതക്ക് അഹങ്കാരമാണെന്ന് നഗസഭാ അധ്യക്ഷ പറഞ്ഞുവെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും ഇവര്‍ ആരോപിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ മൂലാണ് പിന്നീട് നാടുകാണിയിലെ കിന്‍ഫ്ര പാര്‍ക്കിലേക്ക് മാറ്റാന്‍ കഴിഞ്ഞതെന്നും ഇവര്‍ പറയുന്നുണ്ട്. അതിന് സി.പി.എം നേതൃത്വത്തോട് നന്ദി പറയുകയും ചെയ്യുന്നുണ്ട് ഇവര്‍. ഗുരുതര ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് നഗരാസൂത്രണ കമ്മീഷന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോഴാണ് ശ്യാമള ഇങ്ങനെ നിലപാടെടുത്തത് എന്നതാണ് ശ്രദ്ധേയം.

നഗരസഭ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമാണ് പി. കെ ശ്യാമള. പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന നഗരസഭയാണ് ആലന്തൂര്‍. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് ഇത്തരം പ്രശ്നങ്ങളിലേക്കെ് എത്തിച്ചതെന്നാണ് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്.