കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നാളെ

Jaihind Webdesk
Saturday, December 8, 2018

Kannur-International Airport

പറന്നുയരാൻ കണ്ണൂരും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നാളെ. വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ചടങ്ങിൽ മുഖ്യാതിഥിയാവും.

ചരിത്ര നിമിഷത്തിനായുള്ള കണ്ണൂരിന്‍റെ കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിന് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി. അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാർക്കുള്ള എല്ലാ വിധ സൗകര്യങ്ങളും മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കി കഴിഞ്ഞു. കസ്റ്റംസ് ഇമിഗ്രേഷൻ പരിശോധനക്കായുളള സൗകര്യവും സജ്ജമായി.

ഉദ്ഘാടന ദിവസം അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആദ്യ സർവീസ് നടത്തുക. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. രാവിലെ എട്ട് മണിക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ കേളികൊട്ടോടെ കലാപരിപാടികൾ ആരംഭിക്കും. 9.30ന് ടെര്‍മിനല്‍ കെട്ടിടത്തില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് തിരിതെളിയിക്കും. 10 മണിക്ക് അബുദാബിയിലേക്കുള്ള ഏയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ആദ്യയാത്രാവിമാനം ഫ്ലാഗ് ഓഫ് ചെയ്യും.

ആദ്യ യാത്രക്കാരായ 186 പേര്‍ക്കും കിയാല്‍ ഉപഹാരം നല്‍കും. ഒരേസമയം 20 വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമാണ് കണ്ണൂർ വിമാനത്താവളത്തിലുള്ളത് . 24 ചെക്ക് ഇന്‍കൗണ്ടറുകളും 32 ഇമിഗ്രേഷന്‍ കൗണ്ടറുകളും 16 കസ്റ്റംസ് കൗണ്ടറുകളും ഒരുക്കിട്ടുണ്ട്. ബാഗേജ് ഡ്രോപ്പ്, സെല്‍ഫ് ചെക്കിന്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി മട്ടന്നൂരിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നൂറു കണക്കിനാളുകൾ ഘോഷയാത്രയിൽ പങ്കാളികളായി.