‘പണി തെറിപ്പിക്കും’; ആംബുലന്‍സ് ഡ്രൈവറോട് കയർത്ത് പേഴ്‌സണല്‍ സ്റ്റാഫ് അംഗം; മാപ്പ് പറഞ്ഞ് തടിയൂരി മന്ത്രി കടകംപള്ളി

Jaihind Webdesk
Sunday, July 26, 2020

 

കാസർഗോഡ്: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് ഡ്രൈവറോട് തട്ടിക്കയറിയ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് വേണ്ടി മാപ്പ് പറഞ്ഞ് തടിയൂരി  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആംബുലന്‍സ് ഡ്രൈവര്‍ തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചതോടുകൂടിയാണ് മന്ത്രി  ക്ഷമാപണവുമായി രംഗത്തെത്തിയത്. രാവണേശ്വരം തണ്ണോട്ട് സ്വദേശിയായ മന്ത്രിയുടെ  പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് ആംബുലന്‍സ് ഡ്രൈവറോട് അപമര്യാദയായി പെരുമാറിയത്.

വാഹനവുമായി വീടിന് മുമ്പില്‍ വന്നില്ലെങ്കില്‍ പണി തെറിപ്പിക്കുമെന്നും നീ ഏതുവഴിക്കാണ് ജോലിയില്‍ കയറിയതെന്ന് അറിയാമെന്നുമായിരുന്നു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്‍റെ ആക്രോശം. ഇടുങ്ങിയതും മരച്ചില്ലകള്‍ നിറഞ്ഞതുമായ വഴിയാണെങ്കില്‍ വീടിന് അടുത്തെത്തുക ദുഷ്‌കരമാകുമെന്നും  ആംബുലന്‍സ് എത്തുന്ന സ്ഥലം വരെ നടന്നുവരേണ്ടി വരുമെന്നും ഡ്രൈവര്‍ പറഞ്ഞതാണ് പി.എയെ പ്രകോപിപിച്ചത്.ഫോണ്‍ കട്ട് ചെയ്ത ഡ്രൈവറെ തിരിച്ച്  വിളിച്ചും പിഎ ഭീഷണിപ്പെടുത്തുകയായിരുന്നു.