ജീവിതത്തില്‍ സന്തോഷം മാത്രമല്ല ദുഃഖവും ഉണ്ടാകും: തകര്‍ന്ന് തരിപ്പണമായ വ്യവസായികളെ ‘ആശ്വസിപ്പിച്ച്’ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Jaihind Webdesk
Sunday, September 15, 2019

രാജ്യം ചരിത്രത്തിലെ ഏറ്റവും സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വാഹന, ചെറുകിട വ്യവസായ, വസ്ത്ര, ബാങ്കിങ് മേഖലകള്‍ ഉള്‍പ്പെടെ തകരുമ്പോഴും ഉത്തരമില്ലാതെ ബി.ജെ.പി സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയെ വിചിത്രവും വിഡ്ഢിത്തവും നിറഞ്ഞ പ്രസ്താവനകള്‍ കൊണ്ട് നേരിടുന്ന കേന്ദ്രമന്ത്രിമാരുടെ നിരയിലേക്ക് നിതിന്‍ ഗഡ്കരിയും എത്തിയിരിക്കുകയാണ്. വ്യവസായ രംഗം മന്ദതയിലാണെന്നും ജീവിതത്തില്‍ സന്തോഷം മാത്രമല്ല ദുഃഖവും ഉണ്ടെന്നാണ് ഗഡ്കരിയുടെ ഉപദേശം. നാഗ്പൂരില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് മന്ത്രിയുടെ മുറിവില്‍ മുളക് തേക്കുന്ന വാക്കുകള്‍.

‘ഈ അടുത്ത് ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളുടെ അഖിലേന്ത്യ കന്‍വെണ്‍ഷനില്‍ എല്ലാവരും നിരാശരായി ഇരിക്കുന്നത് കണ്ടു. ഞാന്‍ അവരോട് പറഞ്ഞു. ചില സമയങ്ങളില്‍ സന്തോഷമുണ്ടാവും. ചില സമയങ്ങളില്‍ ദുഃഖവും. ചില സമയങ്ങളില്‍ നിങ്ങള്‍ വിജയിക്കും, ചില സമയങ്ങളില്‍ നിങ്ങള്‍ തോല്‍ക്കുകയും ചെയ്യും. ജീവിതമൊരു ചക്രമാണ്- നിതിന്‍ ഗഡ്കരി പറഞ്ഞു.

എനിക്കറിയാം വ്യവസായങ്ങള്‍ ഒരു വിഷമഘട്ടത്തിലൂടെയാണ് ഇപ്പോള്‍ പോകുന്നതെന്ന്. ലോകം മുഴുവന്‍ ഈ പ്രശ്നമുണ്ട്. അത് കൊണ്ട് നിരാശപ്പെടരുത്. ഈ സമയം കടന്നുപോവുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടം പെരുകുകയാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്. കെ. ഗംഗ്വാര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഒരു മേഖലയിലും തൊഴില്‍ നഷ്ടമില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ വെട്ടിക്കുറക്കുന്നത് വടക്കേയിന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് ഗുണമേന്മ ഇല്ലാത്തതിനാലെന്നും അദ്ദേഹം പറഞ്ഞു. ബറേലിയന്‍ നടന്ന ഒരു ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.