പി.എച്ച്.ഡി വിദ്യർത്ഥിനിയായ കെ.വിദ്യയെ ടെർമിനേറ്റ് ചെയ്യണം; വിദ്യാഭ്യാസ മന്ത്രിക്കും, വൈസ് ചാൻസലർക്കും പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, June 7, 2023

കൊച്ചി: കാലടി സംസ്കൃത സർവ്വകലാശാലയിലെ പി.എച്ച്.ഡി വിദ്യർത്ഥിനിയായ കെ.വിദ്യയെ ടെർമിനേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും, തട്ടിപ്പിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിദ്യാഭ്യാസ മന്ത്രിക്കും, വൈസ് ചാൻസലർക്കും പരാതി നൽകി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളം വിഭാഗത്തിലെ പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതികളും നില നിൽക്കുന്നുണ്ട്. മലയാളം വിഭാഗത്തിലെ എച്ച്.ഒ.ഡി മാർ രാജിവയ്ക്കേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്, ഇതിനെയെല്ലാം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും, സർവ്വകലാശാല അധികാരികൾ ഉടൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ടും മുൻ സിൻഡിക്കേറ്റഗംവും, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ലിന്‍റോ.പി ആൻറു  ആണ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, വൈസ് ചാൻസലർക്കും പരാതി നൽകിയത്.

സംസ്കൃത സർവ്വകലാശാലയിലെ മലയാളം വിഭാഗത്തിൽ ഡോ.ബിച്ചു എക്സ് മലയിലിന് കീഴിൽ 2019- 2020 വർഷത്തെ പി.എച്ച്.ഡി വിദ്യാർത്ഥിനിയായി പ്രവേശനം ലഭിച്ച കെ.വിദ്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.  താൽക്കാലിക അധ്യാപികയായി ജോലി ലഭിക്കാൻ മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ ചമച്ച് തട്ടിപ്പ് നടത്തിയ വിവരങ്ങളാണ് പുറത്ത് വന്നത്.  കാലടി സംസ്കൃത സർവ്വകലാശാലയ്ക്കും , ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാകെ കളങ്കം വരുത്തിയ വിദ്യാർത്ഥിനിയെ മലയാളം ഡിപ്പാർട്ട്മെൻ്റിലെ പി.എച്ച്.ഡിയിൽ നിന്നും ടെർമിനേറ്റ് ചെയ്യിപ്പിക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും, 2019 ലെ പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ടും ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്, അന്നത്തെ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായ കെ.വിദ്യക്ക് പി.എച്ച്.ഡി പ്രവേശനം ലഭിക്കുന്നതിനായി മലയാളം വിഭാഗത്തിൽ 5 സീറ്റുകൾ വർദ്ധിപ്പിക്കുകയും, അതോടൊപ്പം എസ്.സി സംവരണം അട്ടിമറിക്കുകയും ചെയ്തെന്ന ഗുരുതരമായ ആരോപണങ്ങളാണ് പുറത്ത് വരുന്നത്,ഇതിനെതിരെ ശക്തമായ അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.