ആർ.സി.ഇ.പി കരാർ കാർഷിക മേഖലയെ തകർക്കും ; കെ.സുധാകരൻ എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചു

Jaihind Webdesk
Wednesday, October 30, 2019

K-Sudhakaran

രാജ്യത്തിന്റെ പൊതുവികസനത്തെയും കർഷകരെയും കാർഷിക മേഖലയെയും ദോഷകരമായി ബാധിക്കുന്ന
മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ‌സി‌ഇ‌പി) കരാറിൽ കേന്ദ്ര സർക്കാർ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ.സുധാകരൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തിലെ ക്ഷീരകർഷകരെയും പ്ലാന്റേഷൻ മേഖലയെയും വളരെ ദോഷകരമായി ബാധിക്കുന്നതും രാജ്യത്തിന്റെ കാർഷിക മേഖലയെ തകർക്കുന്നതുമാണ് കരാർ എന്ന് കത്തിൽ സൂചിപ്പിച്ചു.

ഇന്ത്യയിലെ വ്യവസായ ലോകത്തിന് വലിയ തോതിൽ തിരിച്ചടി നേരിടുന്ന രൂപത്തിൽ പതിനഞ്ച് വർഷക്കാലത്തേക്ക് 92% ചരക്കുകൾക്കും നികുതി രഹിതമാകുമ്പോൾ വിദേശ രാജ്യങ്ങൾ ആഗ്രഹിക്കുന്ന രൂപത്തിൽ ഇന്ത്യൻ വ്യവസായിക മേഖല പരിവർത്തനം ചെയ്യപ്പെടുന്നത് വലിയൊരു ആശങ്ക സൃഷ്ടിക്കപ്പെടും.കൂടാതെ ചൈന ആഗ്രഹിക്കുന്ന രൂപത്തിൽ അവരുടെ ഉല്പന്നങ്ങൾക്ക് ഇന്ത്യയിലേക്കുള്ള ഒഴുക്ക് വളരെയധികം വർദ്ധിക്കപ്പെടും എന്നത് രാജ്യത്തിന് ദോഷകരമാവും എന്ന് വ്യക്തമാണ്.

ഇന്ത്യ പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തമാണെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ പാൽ ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായ ന്യൂസിലാന്റ് ഈ കരാറിന്റെ ഭാഗമാവുന്നതിനാൽ അവിടെ നിന്നും ഇന്ത്യയിലേക്ക് പാലും പാൽ ഉല്പന്നങ്ങളുടെയും ഇറക്കുമതി വർദ്ധിക്കുന്നതോടെ ഇന്ത്യയിലെ ക്ഷീരമേഖലക്ക് വലിയ തോതിൽ ദോഷം ചെയ്യുകയും അഞ്ചര കോടിയോളം വരുന്ന ഗ്രാമീണ ക്ഷീരകർഷക കുടുംബങ്ങളുടെ ജീവിതം തകരുമെന്നും കേരളത്തിലെ മിൽമ്മയും അമുൽ ഉൾപ്പെടെയുള്ള വലിയ ക്ഷീരകർഷകരുടെ ജനകീയ പ്രസ്ഥാനങ്ങൾ തകരുമെന്നും കത്തിൽ സൂചിപ്പിച്ചു.

സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ പത്ത് ആസിയാൻ രാജ്യങ്ങളെയും അവരുടെ സ്വതന്ത്രവ്യാപാര പങ്കാളികളായ ചൈന, ഓസ്‌ട്രേലിയ, ന്യൂസീലാൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ട് വന്ന് സ്വതന്ത്രവ്യാപാര മേഖല രൂപവത്ക്കരിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യമുള്ള ഈ കരാർ ഇന്ത്യയെ ഏറെ ദോഷകരമായി ബാധിക്കും എന്നുള്ളത് രാജ്യം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഈ സമയത്ത് ഇന്ത്യ പങ്കാളിയായിട്ടുള്ള മറ്റ് വ്യാപാര കരാറുകളുടെ അടിസ്ഥാനത്തിൽ നമുക്ക് അനുഭവപ്പെട്ടതാണ്.

കേരളത്തിലെ റബ്ബർ കർഷകരുടെ നട്ടെല്ല് തകർക്കുന്ന, ഇന്ത്യയിലെ പ്ലാന്റേഷൻ മേഖലകളെയാകെ ദോഷകരമായി ബാധിക്കുന്ന കരാർ തേയില, കാപ്പി, കുരുമുളക്, ഏലം തുടങ്ങിയ ഉല്പന്നങ്ങൾക്കും വളരെ ദോഷകരമായി ബാധിക്കും എന്നുള്ളതുകൊണ്ടും പശ്ചിമേഷ്യൻ രാജ്യങ്ങളുടെ വിപണിയായി ഭാരതത്തെ മാറ്റാതിരിക്കാനും കർഷക ജീവിതം ദുരിതപൂർണ്ണമാവാതിരിക്കാനും ആർ.സി.ഇ.പി കരാറിൽ ഒപ്പിടരുതെന്നും കെ.സുധാകരൻ എം.പി നല്കിയ കത്തിൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.