തളിപ്പറമ്പിനെ ആവേശത്തിലാക്കി കെ സുധാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം

Jaihind Webdesk
Thursday, March 28, 2019

സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമായ തളിപ്പറമ്പിനെ ആവേശത്തിലാക്കി കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരന്‍റെ തെരഞ്ഞെടുപ്പ് പര്യടനം. സി.പി.എമ്മിന്‍റെ പാർട്ടി ഗ്രാമങ്ങളിലടക്കം ഹൃദ്യമായ സ്വീകരണമാണ് കെ സുധാകരന് ലഭിച്ചത്

സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമായ തളിപ്പറമ്പിൽ ആവേശകരമായ സ്വീകരണമാണ് കെ സുധാകരന് ലഭിച്ചത്. ആന്തുർ നഗരസഭയിലെ പറശ്ശിനിക്കടവിൽ നിന്നാണ് കെ സുധാകരൻ പര്യടനം ആരംഭിച്ചത്. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം പരിസരത്തെ വിവിധ കടകളിലെയും  സ്ഥാപനങ്ങളിലെയും  ജീവനക്കാരോട് വോട്ടഭ്യർത്ഥിച്ചു.
തുടർന്ന് പന്ന്യങ്കണ്ടി അറബി കോളേജ്, മാണിയൂർ പാറാൽ അറബി കോളേജ്, മയ്യിൽ ഐ.ടി.എം കോളേജ് എന്നിവിടങ്ങളിലും പാട്ടയം കുടുംബ സംഗമത്തിലും കെ സുധാകരൻ സന്ദര്‍ശനം നടത്തി.

സയ്യിദ് കോളേജ്, കേയി സാഹിബ്‌ ബി.എഡ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, തളിപ്പറമ്പ നാഷണൽ കോളേജ് എന്നിവിടങ്ങളിലും കെ.എസ്.യു എം.എസ്.എഫ് പ്രവർത്തകർ കെ സുധാകരന് വൻ വരവേൽപ്പ് നൽകി.
എസ്.എഫ്.ഐയുടെ ശക്തികേന്ദ്രമായ മങ്ങാട്ടുപറമ്പ് എൻജിനിയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ കെ സുധാകരനെ മുദ്രാവാക്യം വിളിയോടെ വരവേറ്റു. വിദ്യാർത്ഥികൾക്കൊപ്പം ക്ലാസ്സ് റൂമുകൾ  സന്ദർശിച്ച് ജീവനക്കാരോടും  വിദ്യാർത്ഥികളോടും വോട്ടഭ്യർത്ഥിച്ചു. ടൗൺ ചർച്ച്, സാൻജോസ് കോണ്‍വന്‍റ്, ജുമാ മസ്ജിദ് തളിപ്പറമ്പ, അൽമഖർ നാടുകാണി തുടങ്ങിയ സ്ഥാപനങ്ങളിലും വോട്ടഭ്യർത്ഥന നടത്തി. രാജ്യം തകർക്കാൻ ശ്രമിക്കുന്ന  ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ കോൺഗ്രസിന് വോട്ട് നല്‍കണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ടുള്ള കെ സുധാകരന്‍റെ ചെറുഭാഷണങ്ങളെ കയ്യടിയോടെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു.

ഇർഫാനിയ കോളേജ് ചപ്പാരപ്പടവ്, കരുണാപുരം അഗതി മന്ദിരം, ചാണക കുണ്ട് വൃദ്ധസദനം, നഷാത്ത് പെരുവണ അഗതിമന്ദിരം തുടങ്ങിയ സ്ഥലങ്ങളിലും കെ സുധാകരൻ സന്ദർശനം നടത്തി. തളിപ്പറമ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.