ന്യൂനപക്ഷ വോട്ടിൽ ലക്ഷ്യം വെച്ച് സിപിഎം ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ. വിശ്വാസമല്ല ആർഎസ്എസിന് പ്രാധാന്യം വിശ്വാസികളുടെ വോട്ടാണെന്നും കെ.സുധാകരൻ കാസർഗോഡ് പെർളയിൽ വിശ്വാസ സംരക്ഷണ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാക്കുന്നത് ആ ക്ഷേത്രത്തിലെ തന്ത്രിയാണ്. വിശ്വാസം സംരക്ഷിക്കാൻ കഴിയാത്ത ജഡ്ജിമാർ കോടതിക്ക് ഭാരമാണ്.വിശ്വാസികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാൻ കോടതിക്കും സർക്കാരിനും അധികാരമില്ലെന്ന് കെ.സുധാകരൻ പറഞ്ഞു.
ശബരിമല ഒരു കലാപഭൂമിയാകാതിരിക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. മണ്ഡലകാലത്ത് സിപിഎം ഗുണ്ടകളെയും, ക്രിമിനൽ കേസുകളിലെ പ്രതികളെയും ദിവസ വേതന അടിസ്ഥാനത്തിൽ ശബരിമലയിൽ നിയമിക്കാനാണ് സർക്കാർ നീക്കം. ന്യൂനപക്ഷ വോട്ടിൽ ലക്ഷ്യം വെച്ച് സിപിഎം ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.
സമരം ആത്മാർത്ഥമാണെങ്കിൽ നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാരിനെ സമീപിക്കുകയാണ് ബിജെപി ചെയ്യേണ്ടത്. ശബരിമല വിഷയത്തിൽ രണ്ട് സർക്കാരിനും നിയമനിർമ്മാണം നടത്താമെന്നും കെ.സുധാകരൻ പറഞ്ഞു.
https://youtu.be/wAJqvTZn-8M