നൗഷാദ് വധത്തിലെ പ്രതികളെ ഇതുവരെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്‍റെ വീഴ്ച : കെ സുധാകരന്‍

Jaihind News Bureau
Saturday, August 3, 2019

പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണ് നൗഷാദ് വധത്തിലെ പ്രതികളെ ഇതുവരെ പിടികൂടാത്തത്തില്‍ കാരണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. നൗഷാദിന്‍റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്സ് ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. നൗഷാദിന്‍റെ കുടുംബത്തെ കെപിസിസി ദത്തെടുക്കുമെന്നും കെ സുധാകരന്‍ എംപി വ്യക്തമാക്കി

ചാവക്കാട് പുന്ന ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് നൗഷാദിന്‍റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തു ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് സബ് ജയിലിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസുമായി നേരിയ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണ് നൗഷാദ് വധത്തിലെ പ്രതികളെ ഇതുവരെ പിടികൂടാത്തത്തില്‍ കാരണമെന്നും, എസ്ഡിപിഐ-സിപിഎം ബന്ധം മൂലമാണ് അഭിമന്യുവിന്‍റെ കൊലപാതകികളെ ഒരു വര്‍ഷമായിട്ടും പിടികൂടാത്തത്തില്‍ കാരണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ സുധാകരന്‍ എം.പി പറഞ്ഞു.

നൗഷാദിന്‍റെ കുടുംബത്തെ കെപിസിസി ദത്തെടുക്കുമെന്നും കെ സുധാകരന്‍ എംപി വ്യക്തമാക്കി

നീതി പൂര്‍വ്വകമായ നടപടി ഇല്ല എങ്കില്‍ അതിനുള്ള അവസരം തങ്ങള്‍ ഉണ്ടാക്കുമെന്നും ഭയപ്പെടുത്തി വശത്താക്കാന്‍ വന്നാല്‍ പ്രതികരിക്കേണ്ടത് എങ്ങനെ എന്ന് അറിയാംമെന്നും കെ സുധാകരന്‍ എംപി പറഞ്ഞു. മുന്‍ എം.എല്‍.എ പിഎ മാധവന്‍, ഡി സി സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍, ഗോപപ്രതാപന്‍, യതീന്ദ്രദാസ്, ജഷീര്‍ പള്ളവയല്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിച്ചു. തുടര്‍ന്ന് പുന്നയിലെ നൗഷാദിന്‍റെ വീട്ടിലെത്തിയ കെ സുധാകരന്‍ എംപി നൗഷാദിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.