ജീവിതത്തില്‍ ഇതുവരെ സ്ത്രീകളെ അപമാനിച്ചിട്ടില്ല; വനിതാ കമ്മീഷന്റെ കേസിനെ നിയമപരമായി നേരിടുമെന്ന് കെ സുധാകരന്‍

Jaihind Webdesk
Wednesday, April 17, 2019

K-Sudhakaran

കണ്ണൂര്‍: കണ്ണൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരനെതിരെയുള്ള വനിതാ കമ്മീഷന്റെ കേസിനെ നിയമപരമായി നേരിടാന്‍ തീരുമാനം. തന്റെ തെരഞ്ഞെടുപ്പു പ്രചാരണ വീഡിയോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന പ്രചാരണം കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ തള്ളിക്കളഞ്ഞു. താന്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും ഒരു വ്യക്തിയുടെ കഴിവുകേടിനെ തുറന്നുകാട്ടുക മാത്രമാണ് ചെയ്തതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ജീവിതത്തില്‍ ഇന്നുവരെ ഒരു സ്ത്രീയെയും അപമാനിച്ചിട്ടില്ല. വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതല്ല. ഒരു വ്യക്തിയുടെ കഴിവുകേടിനെ തുറന്നുകാട്ടുക മാത്രമാണ് ചെയ്തത്. വിഡിയോയുടെ പേരില്‍ വനിതാ കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ നിയമപരമായി നേരിടുമെന്ന് സുധാകരന്‍ പറഞ്ഞു.

സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരുമാറ്റ ചട്ട ലംഘനം വീഡിയോയില്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം.