പരശുറാം എക്സ്പ്രസിന്‍റെ ബോഗികൾ വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കണം : കെ.സുധാകരൻ

Jaihind News Bureau
Friday, September 27, 2019

K-Sudhakaran

സാധാരണക്കാരായ തീവണ്ടിയാത്രക്കാരെ ബുദ്ധിമുട്ടിച്ച് കൊണ്ട് പരശുറാം എക്സ്പ്രസിന്‍റെ കോച്ചുകൾ വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹമാണെന്നും കോച്ചുകൾ ഉടൻ പുനഃസ്ഥാപിക്കാൻ അടിയന്തിര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്നും കെ.സുധാകരൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടു.

21 ബോഗികളുമായി ഓടിക്കൊണ്ടിരുന്ന പരശുറാം എക്സ്പ്രസിന് കഴിഞ്ഞ തിങ്കളാഴ്ച മുതൽ16 ബോഗികൾ മാത്രമാണ് ഉണ്ടായിരുന്നത്. 21 ബോഗികൾ ഉണ്ടായിരുന്ന സമയത്ത് പോലും യാത്രക്കാരുടെ തിരക്ക് മൂലം ട്രെയിനിൽ ജനങ്ങൾക്ക് ശ്വാസം കിട്ടാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. പരശുറാം എക്സ്പ്രസിലെ ബോഗികൾ വെട്ടിക്കുറക്കുന്നത് മൂലം യാത്രക്കാർ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധിയെ കുറിച്ച് കെ.സുധാകരൻ എംപി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരോട് കാട്ടുന്ന മനുഷ്യാവകാശ ലംഘനമാണ് ബോഗിവെട്ടിക്കുറച്ചതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. റെയിൽവേ അധികൃതർ ഇത് കാണുന്നില്ലെന്ന് നടിക്കുന്നത് യാത്രക്കാരോട് കാട്ടുന്ന ക്രൂരമായ അന്യായമാണ്. പരശുറാം എക്സ്പ്രസ് ഓഫീസ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും പ്രത്യേകിച്ച് മലബാറുകാർക്കാകെ ഏറെ അനുഗ്രഹമായ ട്രെയിനാണ്.

പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്ന് നൂറ് കണക്കിന് ആളുകളാണ് ദിവസവും ഈ തീവണ്ടിയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുനത്. യാത്രക്കാരുടെ എണ്ണം നിത്യേന വർദ്ധിക്കുന്നതല്ലാതെ കുറയുന്ന സാഹചര്യം പരശുറാമിൽ ഉണ്ടായിട്ടില്ല പക്ഷെ ട്രെയിനിൽ സൗകര്യങ്ങൾ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് കുടിയിട്ടില്ല എന്ന് മാത്രമല്ല ഉള്ള സൗകര്യങ്ങൾ വെട്ടിക്കുറച്ച സാഹചര്യമാണ് നിലവിലുള്ളത്.

പാലക്കാട് ഡിവിഷനിൽ കോച്ചുകളുടെ അറ്റകുറ്റപ്പണിക്ക് കാര്യക്ഷമമായ സംവിധാനം ഇല്ലാത്തതും പലപ്പോഴും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. മലബാർ മേഖലയിൽ മെമു ട്രെയിനുകൾ ഇല്ലാത്തതിനാലും ഹ്രസ്വദൂരയാത്രക്കാരുടെ ആവശ്യം കണ്ടറിഞ്ഞ് രാവിലെയും വൈകിട്ടും കൃത്യ സമയത്ത് ഓടി നഗരങ്ങളെ ബന്ധിപ്പിക്കുന്ന തീവണ്ടി ഉണ്ടാവുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കാലവർഷത്തിൽ റോഡുകൾ പൊട്ടിപ്പൊളിഞ്ഞത് മൂലവും, പെട്രോൾ-ഡീസൽ വില വർദ്ധനയെ തുടർന്ന് പൊതുഗതാഗത വാഹനസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയല്ലാതെ മറ്റ് വഴികൾ ഇല്ലെന്നിരിക്കെ അതിൽ എറ്റവും വലിയ സേവനദാതാവാകാൻ കഴിയുക റെയിൽവേക്ക് തന്നെയാണെന്നും, മലബാർ മേഖലകളിൽ യാത്രക്കാർക്ക് ആവശ്യമായ റെയിൽ സേവനങ്ങൾ നല്കാതെ അവഗണിക്കരുതെന്നും കെ.സുധാകരൻ എം.പി റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു.