ഇടത് ഭരണത്തിന് കീഴില്‍ നടക്കുന്നത് കൊള്ള നടത്തുന്നതിനുള്ള ഗവേഷണം; ലൈഫില്‍ കൈയിട്ട് വാരിയ പിണറായിയെ ജനങ്ങള്‍ തൂക്കിലേറ്റും: കെ.സുധാകരൻ എം.പി

 

കണ്ണൂർ: കേരളത്തിൽ ഇടത് ഭരണത്തിൻ കീഴിൽ ഏത് തരത്തില്‍ കൊള്ളയടിക്കാമെന്ന ഗവേഷണമാണ് നടക്കുന്നതെന്നും തലചായ്ക്കാന്‍ ഇടമില്ലാതെ കഴിയുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി വീട് നിര്‍മ്മിച്ച് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ കൈയിട്ട് വാരിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ തൂക്കിലേറ്റുമെന്നും കെ പിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍ എംപി പറഞ്ഞു.

എന്‍.ഐ.എ അന്വേഷണം ഭയന്ന് സെക്രട്ടേറിയറ്റിലെ ഫയലുകള്‍ക്ക് തീ കൊടുത്ത പിണറായി വിജയന്‍ രാജിവെക്കുക, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒട്ടേറെ ഇടത്പക്ഷ നേതാക്കള്‍ കേരളം ഭരിച്ചിട്ടുണ്ട്. അവരൊന്നും തങ്ങളുടെ ഭരണകാലത്ത് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കൊള്ളയാണ് ഈ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഏത് പരിപാടി നടത്തുന്നതിനും കമ്മീഷനാണ്. അതിനാണ് കണ്‍സള്‍ട്ടന്‍സി എന്ന ചുരുക്കപ്പേരില്‍ അറിയുന്നത്. 20 കോടിയുടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ 9.25 കോടിയും കമ്മീഷനാണ്. പിന്നെ എത്ര കോടിക്കാണ് വീട് നിര്‍മ്മിക്കുന്നതെന്ന് സുധാകരന്‍ ചോദിച്ചു.

നാട് കൊള്ളയടിക്കുന്ന കമ്യൂണിസ്റ്റ് ഭരണമാണ് ഇവിടെ നടക്കുന്നത്. അവിശ്വാസ പ്രമേയചര്‍ച്ചക്കിടയില്‍ പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടി പറയാതെ കാള മൂത്രം ഒഴിക്കുന്നത് പോലെ എന്തെല്ലാമോ പ്രസംഗിക്കുകയായിരുന്നു. ഒരു ചോദ്യത്തിനും മറുപടി പറയാന്‍ കഴിയാത്ത നാണം കെട്ട ഒരു മുഖ്യമന്ത്രിയാണ് പിണറായി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനത്തെ കുറിച്ച് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്താന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം അവര്‍ക്ക് തന്നെ പിന്‍വലിക്കേണ്ടിവന്നു. പാര്‍ട്ടി നേതാക്കള്‍ പ്രവര്‍ത്തകരുടെ വീടുകളിലേക്ക് പോയപ്പോള്‍ കണക്കിന് കിട്ടിയത് കൊണ്ടാണ് ഇനി നാണം കെടാന്‍ സാധിക്കില്ലെന്ന് പ്രാദേശിക നേതാക്കള്‍ അറിയിച്ചതോടെയാണ് വിശദീകരണം മതിയാക്കി തലയൂരിയതെന്നും സുധാകരന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ റിജില്‍മക്കുറ്റി, സന്ദീപ് പാണപ്പുഴ, കെ.കമല്‍ജിത്ത്, ജോഷി കണ്ടത്തില്‍, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കൊയിലേരിയൻ, അനൂപ് തന്നട, ഇമ്രാൻ , വി.കെ ഷിബിന, സജേഷ് അഞ്ചരക്കണ്ടി, സിജോ മറ്റപ്പള്ളി, കെ.എസ്.യു സംസ്ഥാന സെക്രട്ടറി വി.കെ അതുൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരായ എം.കെ വരുണ്‍, ഫര്‍സിന്‍ മജീദ്, നികേത് നാറാത്ത് , കെ.പി. ലിജേഷ്, ഷനോജ്, സോനു പേരാവൂർ, സുധീഷ് കല്യാശ്ശേരി, ഷിജോ പയ്യന്നൂർ തുടങ്ങിയവർ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Comments (0)
Add Comment