വായ പോയ കോടാലിയായ കെ സുരേന്ദ്രന്‍ സിപിഎമ്മിന് കുഴലൂതുന്നു : കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, February 4, 2022

കേരളരാഷ്ട്രീയത്തിലെ വാപോയ കോടാലിയായ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ കെ റെയിലിനുവേണ്ടി തന്‍റെ ചെലവില്‍ സിപിഎമ്മിനു കുഴലൂതേണ്ടെന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കെ റെയിലിനെതിരേ ആദ്യന്തം രംഗത്തുണ്ടായിരുന്നത് കോണ്‍ഗ്രസാണ്. ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും സുരേന്ദ്രനു മാത്രം മനസിലാകുന്നില്ല.  അത് അദ്ദേഹം സിപിഎമ്മിന്‍റെ അടിമക്കണ്ണായതുകൊണ്ടാണ്. കെ റെയില്‍ പദ്ധതിയില്‍ കോടാനുകോടി കമ്മീഷന്‍ വീഴുമ്പോള്‍ സുരേന്ദ്രന്‍റെ കണ്ണ് അതിലുടക്കിയതുകൊണ്ടാകാം ഈ നിലപാടെന്നു സുധാകരന്‍ പറഞ്ഞു.

കെ റെയിലുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ മുഖ്യധാരയില്‍ വരാതെ ഒളിപ്പോര് നടത്തുന്നവരാണ് ബിജെപി. കെ റെയിലിനെതിരായ ജനം നടത്തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുമ്പോള്‍ ജനങ്ങള്‍ക്കെപ്പം നില്‍ക്കാനുള്ള ആര്‍ജ്ജവും തന്‍റേടവും ബിജെപി കാണിച്ചിട്ടില്ല. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണിത്. ഇതു സംബന്ധിച്ച് ബിജെപി സംഘം കേന്ദ്രമന്ത്രിയെ കാണുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. കെ റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയെന്ന് സിപിഎം സര്‍ക്കാര്‍ വാദിക്കുന്നത് എന്ത് രസഹ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നു സുധാകരന്‍ ചോദിച്ചു.

കെ റെയിലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്‍റേത് ജനപക്ഷ നിലപാടാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്ക ഏറ്റെടുക്കുകയാണു കോണ്‍ഗ്രസ് ചെയ്തത്. സമഗ്രമായ സാമൂഹിക പാരിസ്ഥിതിക ആഘാത പഠനം നടത്താതെ, കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാതെ നാലു ലക്ഷം കോടിയുടെ കടക്കെണിയില്‍ നില്‍ക്കുന്ന കേരള സര്‍ക്കാരിന് എങ്ങനെയാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുക?

കെ റെയില്‍ പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കുന്നവരുടെ ദുരവസ്ഥയ്ക്ക് എങ്ങനെ പരിഹാരം കാണുമെന്ന ബോധ്യം സര്‍ക്കാരിനുണ്ടോ? മൂലമ്പള്ളി, ചെങ്ങറ,അരിപ്പ, വല്ലാര്‍പ്പാടം പുനരധിവാസ പദ്ധതികള്‍ ഇതുവരെ നടപ്പായിട്ടില്ല. കോണ്‍ഗ്രസ് നിലപാടും നയവും ഒരിക്കലും സംസ്ഥാനത്തിന്‍റെ വികസനത്തിന് എതിരല്ല. എന്നാല്‍ വികസനത്തിന്‍റെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികള്‍ക്ക് ഒരിക്കലും കോണ്‍ഗ്രസ് കുടപിടിക്കുകയില്ലെന്നും സുധാകരന്‍ പറഞ്ഞു.