‘സാക്ഷാൽ മുഖ്യമന്ത്രി കുറ്റി നാട്ടിയാലും പിഴുതെറിയും, കേരളം പിണറായിയുടെ പ്രോപ്പർട്ടിയല്ല’ : കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, April 19, 2022

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. പിണറായി വിജയന്‍  വർ​ഗീയത പ്രോത്സാഹിപ്പിക്കുകയാണ്.   60 രാഷ്ട്രീയ കൊലപാതകങ്ങളാണ് പിണറായി സർക്കാരിന്‍റെ  കാലത്ത് നടന്നത്.  കഴിഞ്ഞ 3 വർഷത്തിനിടെ 1019 പേർ വിവിധ കാരണങ്ങളാൽ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം  പറഞ്ഞു.

കെ റെയിലിനെതിരായ സമരം കോൺ​ഗ്രസ് തുടരും. കേരള സംരക്ഷണ സദസ് എന്ന നിലയിൽ ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കും. വീടുകളിൽ കോൺഗ്രസ് പ്രവർത്തകർ പ്രചാരണം നടത്തും. സാക്ഷാൽ മുഖ്യമന്ത്രി കുറ്റി നാട്ടിയാലും അത് പിഴുതെറിയും. സാമൂഹികാഘാത പഠനം എന്തായാലും അത് നടത്തുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അങ്ങനെ പറയാൻ പിണറായിയുടെ സ്വന്തം പ്രോപ്പർട്ടി അല്ല കേരളം.

പാർട്ടി കോൺഗ്രസിന്‍റെ  പേരിൽ സിപിഎം ധൂർത്താണ് നടത്തിയത്. ഒരു മുതലാളിത്ത പാർട്ടിക്ക് പോലും ഇത്തരമൊരു സമ്മേളനം നടത്താൻ കഴിയില്ല. അധ്വാനിക്കുന്ന പാർട്ടിയുടെ ധൂർത്ത് ആയിരുന്നു കണ്ണൂരിൽ നടന്നത്. ധൂർത്ത് നടക്കുമ്പോൾ കർഷകർ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നു. ബി ജെ പിയും സിപിഎമ്മും തമ്മിൽ അവിഹിത ബന്ധം ഉണ്ട്. ഒരു മുദ്രാവാക്യത്തിന്‍റെ  രണ്ട് തൂവൽ പക്ഷികൾ ആണ് അവർ.

കാർഷിക രംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ കെപിസിസി വിദഗ്ധ സമിതി രൂപീകരിക്കും. മെയ് 31 നകം സി യു സികൾ പൂർത്തികരിക്കും. സിഐടിയു ക്കാരെ സ്വന്തം മന്ത്രിമാർ ഭയക്കുകയാണ്. ഘടകകക്ഷി മന്ത്രിമാർക്കെതിരെയുള്ള സി ഐ ടി യു സമരം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കെ സുധാകരൻ എംപി പറഞ്ഞു.