കെ റെയില്‍ കല്ലിടല്‍ നിർത്തി : പഠനം ഇനി ജിപിഎസ് വഴി ; ജനകീയ-പ്രതിപക്ഷ സമരം വിജയം

Jaihind Webdesk
Monday, May 16, 2022

ജനങ്ങളുടേയും പ്രതിപക്ഷത്തിന്‍റേയും അടങ്ങാത്ത പ്രതിഷേധത്തിനൊടുവില്‍ സില്‍വർ ലൈന്‍ കല്ലിടല്‍ നിർത്തിക്കൊണ്ട് റവന്യു വകുപ്പ് ഉത്തരവിറക്കി. സാമൂഹികാഘാത പഠനത്തിന് കല്ലിടല്‍ അനിവാര്യമാണെന്ന സർക്കാർ വാദം ഇതോടെ പൊളിയുകയാണ്. കല്ലിടലിന് ബദലായി ജിപിഎസ് വഴി പഠനം നടത്താനാണ് ഇപ്പോള്‍ റവന്യു വകുപ്പിന്‍റെ തീരുമാനം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നേരത്തെ സർക്കാർ കല്ലിടല്‍ താത്കാലികമായി നിർത്തിവച്ചിരുന്നു. കല്ലിടല്‍ തുടർന്നാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് കല്ലിടലില്‍ നിന്ന് സർക്കാർ പിന്‍വലിയുന്നത്. കല്ലിടല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്‍റെയും ജനീകീയ സമര സമിതിയുടേയും നേതൃത്വത്തില്‍ വലിയ സമരങ്ങളാണ് കേരളത്തില്‍ അരങ്ങേറിയത്. സ്ത്രീകളും കുട്ടികളുമടക്കം സമരത്തിനിടെ നിരത്തുകളില്‍ പോലീസിന്‍റെ  ലാത്തിക്ക് ഇരകളായിരുന്നു. നിരവധി പാർട്ടി പ്രവർത്തകർക്കും ഭൂവടമകള്‍ക്കുമെതിരെ കെ റെയില്‍ കല്ല് പിഴുതതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും അരോപിച്ച് പോലീസ് കേസുകളും നിലനില്‍ക്കുന്നുണ്ട്. തുറങ്കലില്‍ അടച്ചാലും കല്ലിടലിനെതിരെയുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച കെപിസിസി അധ്യക്ഷന്‍റേയും പ്രതിപക്ഷ നേതാവിന്‍റേയും നിശ്ചയദാർഢ്യത്തിന്‍റെ കൂടെ വിജയമാണ് സർക്കാരിന്‍റെ പിന്‍മാറ്റം. കല്ലിടല്‍ നിർത്തിയ സ്ഥിതിക്ക്  സമരം ചെയ്തവർക്കെതിരയുള്ള കേസുകള്‍ പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ ഇനി വ്യക്തത വരേണ്ടതുണ്ട്.