മതസ്ഥാപനങ്ങളില്‍ കോടതികളുടെ ഇടപെടല്‍ പാടില്ലെന്ന് നിയമനിര്‍മാണം നടത്താന്‍ ബിജെപിയ്ക്ക് ധൈര്യമുണ്ടോയെന്ന കോണ്‍ഗ്രസ് പ്രചരണ സമിതി ചെയര്മാന് കെ.മുരളീധരന്. യുഡിഎഫ് ഒറ്റക്കെട്ടായി ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് ദുഷ്ടലക്ഷ്യങ്ങളുണ്ടെന്നും ആര്.എസ്.എസിനും പിണറായി വിജയനും ഇക്കാര്യത്തില്‍ ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
മതപരമായ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടത് അതത് മത വിഭാഗങ്ങളാണെന്നും കോടതികളല്ലെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ആചാരാനുഷ്ഠാനങ്ങളിൽ കോടതി ഇടപെടുന്നത് ശരിയാണോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകണം. ഇക്കാര്യത്തിൽ നയം സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും ഈ കാര്യത്തിൽ ഭരണഘടനാ ഭേദഗതി വേണമെങ്കിൽ നിയമനിർമ്മാണം നടത്തണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.
ഈ വിധിക്കെതിരെ ഇപ്പോൾ കേരളത്തിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്.
ഞാന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റുമെന്ന ധിക്കാരമാണ് പിണറായി വിജയനുള്ളതെന്നും കെ.മുരളീധരന്. പിണറായി വിജയന് ഈ കാര്യത്തില്‍ ദുഷ്ടലാക്കാണെന്നും അദ്ദേഹം തുടര്‍ന്നു. എന്നാല്‍ ഇത് ഭക്തജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ ശാസിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിയില്ല. പത്മകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലാണ്. അല്ലാതെ പിണറായി നാമത്തിലല്ല. അതുകൊണ്ട് വിശ്വാസം കാത്ത് സൂക്ഷിക്കേണ്ടത് ബോര്‍ഡിന്റെ കടമയാണെന്നും കെ.മുരളീധരന് പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ശക്തമായ നിലപാടുണ്ടെന്നും ഭക്തജനങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്നും കെ.മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു.