സ്ത്രീപ്രവേശനം നടപ്പിലാക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിക്കേണ്ടി വരുമെന്ന് കെ.പി.സി.സി പ്രചരണ സമിതി ചെയർമാൻ കെ മുരളീധരൻ പറഞ്ഞു. കൊട്ടാരക്കരയിൽ നടന്ന
പ്രചരണ പദയാത്രയുടെ മൂന്നാം ദിവസത്തെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദയാത്ര നാളെ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കും.
രാവിലെ നിലമേലിൽ നിന്നാണ് പ്രചരണ പദയാത്രയുടെ മൂന്നാം ദിന പര്യടനം ആരംഭിച്ചത്. ആവേശോജ്വലമായ സ്വീകരണമാണ് യാത്രയിലുടനീളം ലഭിച്ചത്. കനത്ത ചൂടിനെ വകവെക്കാതെ വൻ ജനാവലി യാത്രയെ അനുഗമിച്ചു. വിവിധ മേഖലകളിൽ നിന്നും സ്ത്രീകളടക്കം ആയിരക്കണക്കിന് പ്രവർത്തകര്‍ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിക്കാനെത്തിയതോടെ പ്രചരണ പദയാത്ര ഏറെ ശ്രദ്ധേയമായി.
പര്യടനം കൊട്ടാരക്കരയിലെ നഗരത്തിലേക്കെത്തിയപ്പോൾ ജനസാഗരമായി. വിശ്വാസികളെ കബളിപ്പിച്ച് വിധി നടപ്പിലാക്കാമെന്നാണ് മുഖ്യമന്ത്രി കണക്ക് കൂട്ടിയതെന്നും സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായിരിക്കുന്നതെന്നും നിയമസഭാ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
സ്ത്രീപ്രവേശനം നടപ്പിലാക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിക്കേണ്ടി വരുമെന്നും മണ്ഡലകാലത്ത് ചോരപ്പുഴ ഒഴുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പാർട്ടി സെക്രട്ടറിയാണോ ദേവസ്വം മന്ത്രിയാണോ ശബരിമല വിഷത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമാക്കണമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
ഡി.സി.സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ, ഡി.സി.സി-കെ.പി.സി.സി ഭാരവാഹികൾ തുടങ്ങി നിരവധി നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. നാലാം ദിനം കൊട്ടാരക്കരയിൽ നിന്നാരംഭിക്കുന്ന ജാഥ അടൂരിൽ സമാപിക്കും.