കെ റെയിലിന്‍റെ മറവില്‍ പോലീസ് അഴിഞ്ഞാട്ടം; സംസ്ഥാനത്ത് കെ ഗുണ്ടായിസമെന്ന് പിസി വിഷ്ണുനാഥ്

Jaihind Webdesk
Monday, March 14, 2022

 

തിരുവനന്തപുരം : കെ റെയിലിന് കല്ലിടുന്നതിന്‍റെ പേരിൽ സംസ്ഥാനത്ത് പോലീസ് അഴിഞ്ഞാടുകയാണെന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എ. സില്‍വർ ലൈന്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പി.സി വിഷ്ണുനാഥ് ഉയർത്തിയത്.

കുട്ടികളുടെ മുന്നിൽവെച്ച് മാതാപിതാക്കളെ മർദ്ദിക്കുകയും വയോധികരെപ്പോലും സ്വന്തം ഭൂമിയിൽ നിന്ന് വലിച്ച് പുറത്തിടുകയുമാണ്. ഇത് എന്ത് ആഘാതപഠനമാണെന്ന് വിഷ്ണുനാഥ് ചോദിച്ചു. സമാധാനപരമായി ജീവിക്കുന്ന മനുഷ്യരുടെ അടുക്കളയിലാണ് മഞ്ഞ കല്ലിടുന്നത്. പാരിസ്ഥിതികമായി കേരളത്തെ തകർക്കുന്ന വിനാശകരമായ പദ്ധതിയാണിത്. കോർപ്പറേറ്റുകളെയും സമ്പന്ന വർഗത്തേയും സഹായിക്കാൻ വേണ്ടി മാത്രമാണ് ഈ പദ്ധതിയെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.

അടിമുടി ദുരൂഹമാണ് സിൽവർ ലൈൻ പദ്ധതി. വിനാശകരമായ പദ്ധതിയുടെ മഞ്ഞക്കുറ്റിക്ക് പോലീസ് കാവൽ. മധ്യതിരുവിതാംകൂറിൽ എവിടെയാണ് ഇത്രയധികം കല്ലുകൾ. അത് ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്ഥലം പറയണം. ജപ്പാനിൽ ഉപയോഗശൂന്യമായി കിടക്കുന്നത് കേരളത്തിന് മുകളിൽ അടിച്ചേൽപ്പിക്കുന്നു. ആര് ആവശ്യപ്പെട്ടാണ് ഈ പദ്ധതിയെന്ന് അദ്ദേഹം ചോദിച്ചു. ലോകസമാധാനത്തിന് 2 കോടി. മലയാളിയുടെ സമാധാനം കളയാൻ 2000 കോടി. കെ റെയിൽ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യമുയർത്തി മുന്നോട്ട് തന്നെയെന്നും പി.സി വിഷ്ണുനാഥ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ എം.കെ മുനീർ അടിയന്തരപ്രമേയത്തിന് അനുമതി തേടിയപ്പോൾ പ്രതിപക്ഷവുമായി ചർച്ചയ്ക്കില്ലെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ ഇപ്പോള്‍ സർക്കാരിന് ചർച്ചയ്ക്ക് തയാറാവേണ്ടി വന്നു. ഇത് ഈ നാട്ടിലെ ജനങ്ങളുടെ വിജയമാണെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു.