കെ ഫോണ്‍; അഴിമതി ആരോപണങ്ങള്‍ക്കും ചട്ടലംഘനങ്ങള്‍ക്കുമിടെ നാളെ വീണ്ടും ഉദ്ഘാടനം; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കും

Jaihind Webdesk
Sunday, June 4, 2023

തിരുവനന്തപുരം: അഴിമതി ആരോപണത്തിലും ചട്ടലം ഘനങ്ങളിലും ആടി ഉലയുന്ന സർക്കാരിന്‍റെ കെ ഫോൺ പദ്ധതി
നാളെ വീണ്ടും ഉദ്ഘാടനം ചെയ്യും. അഴിമതി ആരോപണങ്ങൾ ഉയർന്നതും നേരത്തെ ഉദ്ഘാടനം ചെയ്തതുമായ പദ്ധതി കോടികൾ മുടക്കി നാളെ വീണ്ടും ഉദ്ഘാടനം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് ശക്തമായ വിമർശനം ഉയർത്തിയിരുന്നു. പ്രതിപക്ഷം ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കും

കെ ഫോണുമായി ബന്ധപ്പെട്ട് നേരത്തെ സർക്കാർ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ പാലിക്കാതെയാണ് നാളെ പദ്ധതി വീണ്ടും ഉദ്ഘാടനം ചെയ്യുന്നത്. 20 ലക്ഷത്തോളം വീടുകളിൽ സൗജന്യ കണക്ഷൻ എന്ന വാഗ്ദാനത്തോടെയാണു സർക്കാർ കെ ഫോൺ പദ്ധതി തുടങ്ങിയത്.പിന്നീട് ഇത്ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ വീതം എന്നാക്കി പതിനാലായിരമാക്കി കുറച്ചു . ഇതിനുപുറമേ മുപ്പതിനായിരത്തിൽപ്പരം സർക്കാർ സ്ഥാപനങ്ങളിലുമാകും  കെഫോണിന്‍റെ  ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം . എന്നാൽ എവുപതിനായിരത്തോളം വീടുകളിൽ കേബിൾ സ്ഥാപിച്ചെങ്കിലും ഇപ്പോൾ കണക്ഷൻ നൽകിയത് ആയിരത്തോളം വീടുകളിൽ മാത്രം മാണ്. മുപ്പതിനായിരം  സർക്കാർ ഓഫിസുകളിൽ 17354 ഓഫിസിൽ മാത്രമാണ് സേവനമെത്തിയത്. ഇതിനിടയിൽ ശക്തമായ അഴിമതി ആരോപണത്തിലും ചട്ടലംഘനങ്ങളിലും പദ്ധതി ആടിയുലഞ്ഞു.
നാളെ വൈകിട്ടു 4 മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. നൂറ്റിനാൽപ്പത് മണ്ഡലങ്ങളിലും ഉദ്ഘാടന ചടങ്ങ് കാണുവാനും പങ്കാളിയാകാനും ഉള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. കോടികൾ മുടക്കി നേരത്തെ ഉദ്ഘാടനം ചെയ്ത പദ്ധതി വീണ്ടും ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ശക്തമായ വിമർശനം പ്രതിപക്ഷം ഉയർത്തിയിരുന്നു. അഴിമതി ആരോപണത്തിൽ ആടിയുലയുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും പ്രതിപക്ഷം വിട്ടുനിൽക്കും. പദ്ധതിയോട് തങ്ങൾക്ക് എതിർപ്പില്ലെങ്കിലും പദ്ധതിയിലെ അഴിമതി ആരോപണത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുന്നത്.