മാധ്യമപ്രവര്‍ത്തകന്‍റെ മരണം: പോലീസിന് രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ

Saturday, August 3, 2019
തിരുവനന്തപുരത്ത് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെ വിമർശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. പോലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കെമാല്‍ പാഷ പറഞ്ഞു.
അശ്രദ്ധമായി വണ്ടിയോടിക്കുകയും അത് മൂലം മരണമുണ്ടാകുകയും ചെയ്താല്‍ ജാമ്യം ലഭിക്കാവുന്ന 304 A വകുപ്പാണ് ചുമത്തുക. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ അത് കുറ്റകരമായ നരഹത്യ ആയി മാറും. അത് ജാമ്യം കിട്ടുന്ന വകുപ്പല്ല. കൂടെയുണ്ടായിരുന്ന സുഹൃത്താണ് വണ്ടിയോടിച്ചത് എന്ന് പറയുമ്പോള്‍ അവരെ ടാക്സിയില്‍ കയറ്റി വീട്ടില്‍ അയക്കുകയല്ല, അറസ്റ്റ് ചെയ്യുകയാണ് ചെയ്യേണ്ടതെന്നും കെമാല്‍ പാഷ തുറന്നടിച്ചു. വണ്ടിയോടിച്ചത് ആരാണെന്നത് സംബന്ധിച്ച് സംശയമുണ്ടെങ്കില്‍ അതിന്‍റെ ആനുകൂല്യം വിചാരണ വേളയിലാണ് ലഭിക്കേണ്ടത്. ബ്ലഡ് ടെസ്‌റ്റ് ചെയ്യാനുള്ള നടപടിയാണ് പൊലീസ് ആദ്യം ചെയ്യേണ്ടതെന്നും കെമാല്‍ പാഷ പറഞ്ഞു. ആശുപത്രിയിലെത്തിച്ചതിന് ശേഷം മദ്യപിച്ചു എന്ന സംശയമുണ്ടായിരുന്നെങ്കില്‍ അക്കാര്യം പരിശോധിക്കണമായിരുന്നെന്നും കെമാല്‍ പാഷ പറഞ്ഞു.
രക്തപരിശോധനയ്ക്ക് ആളുടെ സമ്മതം വേണമെന്ന പൊലീസ് വാദം കെമാല്‍ പാഷ തള്ളി. മദ്യപിച്ച് സ്വയം നിയന്ത്രിക്കാനാവാത്ത ആളുടെ അനുവാദം തേടുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. രക്തഗ്രൂപ്പ് അറിയുക, ഡി.എന്‍.എ പരിശോധന തുടങ്ങിയ സാഹചര്യങ്ങളിലാണ് ബന്ധപ്പെട്ട വ്യക്തികളുടെ സമ്മതം ആവശ്യമുള്ളത്. അനുവാദം തേടേണ്ട രീതിയിലുള്ള ബ്ലഡ് ടെസ്റ്റ് അല്ല ഇവിടുത്തേത്. രക്തപരിശോധന വൈകുന്തോറും രക്തത്തിലെ മദ്യത്തിന്‍റെ അളവ് കുറയും. അങ്ങനെ വരുമ്പോള്‍ ജാമ്യം ലഭിക്കുന്ന വകുപ്പായി ഇത് മാറുമെന്നും കെമാല്‍ പാഷ വ്യക്തമാക്കി.
ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് പോലീസ് നടപടിയിലെ വീഴ്ചകള്‍ തുറന്നുകാട്ടി ജസ്റ്റിസ് കെമാല്‍ പാഷ രംഗത്തെത്തിയത്.