ബിജെപി വേദിയില്‍ ജോൺ ബ്രിട്ടാസ് ; കെജി മാരാരെ പുകഴ്ത്തി പ്രഭാഷണം

Jaihind Webdesk
Tuesday, November 2, 2021

ബിജെപി വേദിയില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. ആര്‍എസ്എസ് നേതാവ് കെജി മാരാരുടെ ആത്മകഥാ പ്രകാശന ചടങ്ങിലാണ് ബിജെ.പി നേതാക്കള്‍ക്കൊപ്പം ജോണ്‍ ബ്രിട്ടാസ് പങ്കെടുത്തത്. മാധ്യമ പ്രവര്‍ത്തകനും ബിജെപി സഹയാത്രികനുമായ കെ.കുഞ്ഞിക്കണ്ണന്‍ രചിച്ച കെ.ജി മാരാര്‍ മനുഷ്യപ്പറ്റിന്‍റെ പര്യായം എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലാണ് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് പങ്കെടുത്തത്. ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ്. ശ്രീധരന്‍ പിള്ളയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയതാകട്ടെ ജോണ്‍ ബ്രിട്ടാസും.

കെ.ജി മാരാരെയും ബിജെപി നേതാക്കളെയും പുകഴ്ത്തികൊണ്ടായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം. വേദിയില്‍ ഉണ്ടായിരുന്ന ബിജെപി നേതാക്കളും ബ്രിട്ടാസിനെ വാനോളം പുകഴ്ത്തി. പിസ്.ശ്രീധരന്‍ പിള്ളക്ക് പുറമെ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുള്ളക്കുട്ടി,തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിവി  രാജേഷ്,സംഘ പരിവാര്‍ നേതാക്കള്‍ എന്നിവര്‍ക്ക് ഒപ്പമാണ് ജോണ്‍ ബ്രിട്ടാസ് വേദി പങ്കിട്ടത്.