കർണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ സഭയില്‍ വെളിപ്പെടുത്തി ജെ.ഡി.എസ് എം.എല്‍.എ ശ്രീനിവാസ് ഗൗഡ. ബി.ജെ.പി 30 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തതായി ശ്രീനിവാസ് ഗൗഡ നിയമസഭയെ അറിയിച്ചു.
പണവുമായി സമീപിച്ചവരോട് എതിര്‍പ്പ് അറിയിച്ചിട്ടും 5 കോടി രൂപ വീട്ടില്‍ വെച്ചിട്ട് പോയതായും ഈ പണം പിന്നീട് തിരികെ നല്‍കിയതായും എം.എല്‍.എ നിയമസഭയില്‍ വെളിപ്പെടുത്തി. ബി.ജെ.പി എം.എല്‍.എമാരായ അശ്വത്ഥ് നാരായണ്‍, സി.പി യോഗേശ്വര്‍, വിശ്വനാഥ് എന്നിവരാണ് പണവുമായി സമീപിച്ചതെന്നും ശ്രീനിവാസ് ഗൗഡ സഭയില്‍ വെളിപ്പെടുത്തി. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചക്കിടെയാണ് ബി.ജെ.പിയുടെ കുതിരക്കച്ചവട ശ്രമം ജെ.ഡി.എസ് എം.എല്‍.എ വെളിപ്പെടുത്തിയത്.
ഏതാനുംദിവസം മുമ്പ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പക്കെതിരെ തെളിവുകള്‍ പുറത്തുവിട്ടിരുന്നു. ജെ.ഡി.എസ് എം.എല്‍.എയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന സംഭാഷണത്തിന്റെ ടേപ്പാണ് കുമാരസ്വാമി പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണിപ്പോള്‍ മറ്റൊരു ജെ.ഡി.എസ് എം.എല്‍.എ ബി.ജെ.പിയുടെ കോഴ വാഗ്ദാനം സംബന്ധിച്ച് സഭയില്‍ വെളിപ്പെടുത്തിയത്.