ലോക്ഡൗണിനെ തുടര്‍ന്ന് സുഹൃത്തിന്‍റെ വീട്ടില്‍ കുടുങ്ങി; വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടിലെത്തിക്കാന്‍ സഹായിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍

Jaihind News Bureau
Friday, April 10, 2020

തൃശൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് സുഹൃത്തിന്‍റെ വീട്ടില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടിലെത്തിച്ച്  യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍. തൃശ്ശൂർ കുന്നംകുളത്തെ സുഹൃത്തിന്‍റെ വീട്ടിൽ കുടുങ്ങിയ മാവേലിക്കര സ്വദേശി  ജൻമ ഹേമദാസിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായം ലഭിച്ചത്. ജൻമ,  കഴിഞ്ഞമാസം 24ന് മാവേലിക്കരയിലേക്ക് വരവേയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത് . നാട്ടിലേക്ക് വരാൻ വാഹനസൗകര്യം ഇല്ലാതിരുന്നതിനാൽ സഹപാഠി ദേവികയ്ക്കൊപ്പം കുന്നംകുളത്തെ വീട്ടിലേക്ക് പോകുകയായിരുന്നു.

തുടര്‍ന്ന് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശോഭ സുബിൻ ഇടപെട്ട് പൊലീസിൽ നിന്നും പ്രത്യേക അനുമതി വാങ്ങി. നാട്ടിലുള്ള കെ.എസ് യു പ്രവർത്തകരെ ഫോണിൽ വിളിച്ചറിയിച്ച ശേഷം തൃശ്ശൂർ ജില്ലാ സെക്രട്ടറി വൈശാഖും സുദേവും ചേർന്ന് മാവേലിക്കരയിലെ വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തിയതിന്‍റെ സന്തോഷം ജൻമ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു.