
നടന്‍ വിജയ്യുടെ കരിയറിലെ അവസാന ചിത്രമായ ‘ജനനായകന്‍’ നിശ്ചയിച്ചിരുന്ന തീയതിയില്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഔദ്യോഗികമായി അറിയിച്ചു. സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമതര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് ജനുവരി 9 വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവെച്ചത്.
സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ചയും വിധി വന്നില്ല. ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ചില്‍ കേസ് വ്യാഴാഴ്ച ലിസ്റ്റ് ചെയ്തിരുന്നില്ല. വെള്ളിയാഴ്ച രാവിലെ മാത്രമേ കോടതി വിധി ഉണ്ടാവുകയുള്ളൂ. അനുകൂല വിധി ഉണ്ടായാല്‍ പോലും, സെന്‍സര്‍ ബോര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചിത്രം വെള്ളിയാഴ്ച തന്നെ തിയറ്ററുകളില്‍ എത്തിക്കുക അസാധ്യമാണെന്ന് കണ്ടാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. അപ്രതീക്ഷിത സാഹചര്യങ്ങള്‍: തങ്ങളുടെ നിയന്ത്രണത്തിന് അപ്പുറത്തുള്ള കാരണങ്ങളാലാണ് റിലീസ് മാറ്റുന്നതെന്ന് കെവിഎന്‍ പ്രൊഡക്ഷന്‍സ് വ്യക്തമാക്കി.
കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു. ഡിസംബര്‍ 22-ന് ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് ശുപാര്‍ശ ചെയ്ത അഞ്ചംഗ സമിതിയിലെ ഒരു അംഗം തന്നെ പിന്നീട് ചിത്രത്തിനെതിരെ പരാതി നല്‍കിയെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ വെളിപ്പെടുത്തിയത്. സൈന്യവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും, അതിനാല്‍ പ്രതിരോധ വിദഗ്ധര്‍ ചിത്രം പരിശോധിക്കണമെന്നുമാണ് സമിതി അംഗത്തിന്റെ വാദം. സമിതി നിര്‍ദ്ദേശിച്ച 27 മാറ്റങ്ങളും വരുത്തിയിട്ടും ഒരു വ്യക്തിയുടെ പരാതിയുടെ പേരില്‍ ചിത്രം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നിര്‍മ്മാതാക്കള്‍ വാദിച്ചു. ഇത്തരം പരാതികള്‍ ആരോഗ്യകരമായ പ്രവണതയല്ലെന്ന് കോടതിയും നിരീക്ഷിച്ചു.
ചിത്രത്തിന്റെ പുതിയ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ ഉടന്‍ അറിയിക്കും. നിലവില്‍ വെള്ളിയാഴ്ചത്തെ റിലീസ് ഒഴിവാക്കിയതോടെ വന്‍ നിരാശയിലാണ് ദളപതി ആരാധകര്‍.