മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് നാളെ തുടക്കം

Jaihind Webdesk
Saturday, February 2, 2019

കാസര്‍ഗോഡ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര നാളെ വൈകിട്ട് നാലിന് കാസര്‍ഗോഡ് ജില്ലയിലെ നായന്മാര്‍മൂലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും.

രാജ്യവും സംസ്ഥാനവും ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യാത്രയ്ക്ക് ഏറെ പ്രാധാന്യമാണ് കേരളത്തിലെ പൊതുസമൂഹം കല്‍പ്പിക്കുന്നത്. കേന്ദ്ര ഭരണം കയ്യാളുന്ന ബി ജെപി സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് പ്രധാനമായും യാത്ര ഉപകരിക്കുക. നോട്ട് പരിഷ്‌കരണത്തിന് പിന്നാലേ തലതിരിഞ്ഞ നിലയില്‍ നടപ്പിലാക്കിയ ജിഎസ്ടി രാജ്യത്ത് വന്‍വിലക്കയറ്റത്തിന് വഴിവെച്ചുവെന്ന കാര്യങ്ങളും യാത്രയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തും. പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ ഭരണം പൂര്‍ണ്ണമായും നിലച്ചതിന്റെ നേര്‍രേഖയും കോണ്‍ഗ്രസ് ജനമഹായാത്രയിലൂടെ തുറന്നുകാട്ടും. കേരളത്തെ മദ്യാലയമാക്കിയെന്നതല്ലാതെ പിണറായി സര്‍ക്കാരിന് മറ്റൊരു നേട്ടവും എടുത്തുകാണിക്കാനില്ലെന്ന യാഥാര്‍ഥ്യവും യാത്രയില്‍ വിശദീകരിക്കും.

കഴിഞ്ഞ ഒരുമാസത്തോളമായി ജനമഹായാത്ര വിജയിപ്പിക്കാന്‍ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വയോധികരും യുവാക്കളും വനിതകളും കുട്ടികളും കയ്യും മെയ്യും മറന്നുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.  ബ്ലോക്കടിസ്ഥാനത്തില്‍ വാഹനപ്രചരണ ജാഥകള്‍ നടന്നുകഴിഞ്ഞു. ബൂത്ത്തലം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനമഹായാത്രയുടെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കോണ്‍ഗ്രസിന്റെ വിവിധ പോഷകസംഘടനകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രചരണ പരിപാടികള്‍ പൂര്‍ത്തീകരിച്ചു.
കേരളം നാളിതുവരെ കാണാത്ത ജനകീയ മുന്നേറ്റത്തിന് സാക്ഷ്യമാകുന്ന ജനമഹായാത്ര പരിപാടിയുടെ ഉദ്ഘാടന സമ്മേളനം അവിസ്മരണീയമാക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.
നാളെ വൈകിട്ട് നാലിന് കാസര്‍ഗോഡ് നായന്മാര്‍മൂലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്‍ണി ഉദ്ഘാടനം ചെയ്യുന്ന ജനമഹായാത്രയുടെ ആദ്യദിവസത്തെ സമാപനം വൈകിട്ട് അഞ്ചിന് കുമ്പളയിലാണ്. കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കളും യുഡിഎഫിന്റെ പ്രമുഖരായ നേതാക്കളും ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കും.  പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന കെപിസിസിയുടെ പ്രചരണ പരിപാടിയായ ജനമഹായാത്രയെ വരവേല്‍ക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞു.
ഈ മാസം 28ന് ജനമഹായാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ കേരള രാഷ്ട്രീയ ചരി്ത്രത്തിന്റെ തങ്കലിപികളില്‍ മുല്ലപ്പള്ളിയുടെ ജനമഹായാത്രയും എഴുതിച്ചേര്‍ക്കപ്പെടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.