മലപ്പുറത്തെ ആവേശക്കടലാക്കി ജനമഹായാത്ര

Jaihind Webdesk
Sunday, February 10, 2019

Janamahayathra

മലപ്പുറം മനസോട് ചേർത്ത ജനമഹായാത്ര ജില്ലയിൽ രണ്ടാം ദിവസത്തെ പര്യടനം പൂർത്തിയാക്കി. ആറ് കേന്ദ്രങ്ങളിലാണ് ആവേശത്തിന്‍റെ അലകടലൊരുക്കി ജനമഹായാത്ര രണ്ടാം ദിവസത്തെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയത്.

മലബാറിന്‍റെ മലമടക്കുകളെ ഇളക്കിമറിച്ചായിരുന്നു  മലപ്പുറം ജില്ലയിലെ ആദ്യ ദിന പര്യടനമെങ്കിൽ  രണ്ടാം ദിവസം ജനമഹായാത്ര ആവേശക്കടലായി. കടുത്ത ചൂടിനെ വകഞ്ഞുമാറ്റി നട്ടുച്ചയ്ക്ക് പോലും ആയിരങ്ങളാണ് ജനമഹായാത്രയെ സ്വീകരിക്കാൻ വഴിയോരങ്ങളിലും സ്വീകരണ യോഗങ്ങളിലും തടിച്ചു കൂടിയത്. അവർക്ക് കൈകൊടുത്തും, അഭിവാദ്യം ചെയ്തും ജാഥാനായകൻ മുല്ലപ്പള്ളി രാമചന്ദ്രൻ കടന്നു വന്നപ്പോൾ ആവേശം വാനോളമുയർന്നു.

Janamahayathra

ഭരണത്തിൻറെ തണലിൽ ഹിംസയും ഫാസിസവുമാണ് ബി.ജെ.പി രാജ്യത്ത് നടപ്പാക്കുന്നതെന്ന് വിവിധ സ്വീകരണ യോഗങ്ങളിൽ അദ്ദേഹം പറഞ്ഞു. മതേതര ഇന്ത്യയുടെ പുനർനിർമിതിക്കായ് കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ കേരളത്തിലെ  സി.പി.എം അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാവിലെ പെരിന്തൽമണ്ണയിൽ നിന്നാരംഭിച്ച യാത്ര കൂട്ടിലങ്ങാടി, വേങ്ങര, ചെമ്മാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി താനൂർ മണ്ഡലത്തിലെ താനാളൂരിൽ  സമാപിച്ചു. കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, എം.എൽ.എ മാരായ എ.പി അനിൽകുമാർ , പി.കെ അബ്ദുറബ്ബ് , ഇ.ടി മുഹമ്മദ് ബഷീർ എം.പി ജനമഹായാത്രയുടെ  സ്ഥിരാംഗങ്ങൾ, കെ.പി.സി.സി, ഡി.സി.സി  ഭാരവാഹികൾ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ  പ്രസംഗിച്ചു.