ജനസാഗരമായി ജനമഹായാത്ര; മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന യാത്ര തിരുവനന്തപുരം ജില്ലയില്‍

Jaihind Webdesk
Wednesday, February 27, 2019

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് തലസ്ഥാന ജില്ലയിൽ ആവേശോജ്വലമായി വരവേല്‍പ്. ആദ്യ ദിനത്തിൽ ഏഴ് കേന്ദ്രങ്ങളിലാണ് ജാഥ സ്വീകരണം ഏറ്റുവാങ്ങിയത്. നാളെ ജനമഹായാത്രക്ക് സമാപനമാകും.

പുതുചരിത്രം രചിച്ചായിരുന്നു ജനമഹായാത്രയുടെ പര്യടനം അവസാന ജില്ലയായ തിരുവനന്തപുരത്ത് പര്യടനം ആരംഭിച്ചത്. വിപുലമായ സ്വീകരണം നൽകിയായിരുന്നു ജാഥാ ക്യാപ്റ്റൻ മുല്ലപ്പള്ളി രാമചന്ദ്രനെ തിരുവനന്തപുരം ജില്ല വരവേറ്റത്. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു ജനമഹായാത്ര. നിരവധി പ്രവർത്തകരാണ് യാത്രയെ അനുഗമിച്ചത്. യാത്ര കടന്നുവരുന്ന മേഖലകളിലെല്ലാം തന്നെ പ്രവർത്തകർ വലിയ രീതിയിലുള്ള സ്വീകരണമാണ് ഒരുക്കിയത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിക്കാട്ടിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരണ വേദികളിൽ സംസാരിച്ചത്. എല്ലാ മേഖലകളിലും സ്ത്രീകൾക്ക് അർഹമായ പ്രാധിനിത്യം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

രാവിലെ ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ നിന്ന് ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനലിന്‍റെയും നൂറുകണക്കിന് പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രൗഡോജ്വലമായ സ്വീകരണമാണ് ജാഥയ്ക്ക് നൽകിയത്. വർക്കലയിൽ നിന്നാരംഭിച്ച യാത്ര ചിറയിൻകീഴ്, ആറ്റിങ്ങൽ, വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കാട്ടാക്കടയിൽ നടന്ന സമാപന സമ്മേളനത്തോടെ ജില്ലയിലെ ആദ്യ ദിന പര്യടനം പൂർത്തിയാക്കി. സമാപന വേദിയിൽ ജനസാഗരമായിരുന്നു അണിനിരന്നത്.

മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ വി.എസ് ശിവകുമാർ, എസ് ശബരീനാഥൻ, എം വിൻസെന്‍റ് തുടങ്ങിയ നേതാക്കളും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. നാളെ മൂന്ന് കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ ജനമഹായാത്രയ്ക്ക് പരിസമാപ്തിയാകും.