പുത്തന്‍ ചുവടുവെപ്പുമായി ജയ്ഹിന്ദ് ടിവി; കൊച്ചി റീജിയണല്‍ ഓഫീസ് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു

Jaihind News Bureau
Monday, December 22, 2025

കൊച്ചി: ജയ്ഹിന്ദ് ടിവിയുടെ റീജിയണല്‍ ഓഫീസും ബ്യൂറോയും ഉള്‍ക്കൊള്ളുന്ന അത്യാധുനികമായ പുതിയ ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സങ്കേതികമായും ഉള്ളടക്കത്തിലും ജയ്ഹിന്ദ് ടിവി നടത്തുന്ന മുന്നേറ്റത്തില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ജയ്ഹിന്ദ് പ്രേക്ഷകര്‍ക്കുള്ള ക്രിസ്മസ് – പുതുവത്സര സമ്മാനമാണ് ഈ പുതിയ ഓഫീസ്. മാധ്യമ രംഗത്തെ പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് കാലത്തിനനുസരിച്ച് ജയ്ഹിന്ദും മാറുന്നു എന്നതിന്റെ തെളിവാണ് കൊച്ചിയിലെ ഈ പുതിയ സംരംഭം,’ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ചടങ്ങില്‍ സംബന്ധിച്ചു. ജയ്ഹിന്ദ് സി.ഇ.ഒ സനോ ജേക്കബ് മാറാട്ടില്‍, സി.ഒ.ഒ ജോയസ് ജോസ്, കണ്ടന്റ് ഓപ്പറേഷന്‍സ് ഹെഡ് ഷിയാസ് മുഹമ്മദ്, ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ജോയ് നായര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ബിസിനസ് ഹെഡ് സൈജു സുരേന്ദ്രന്‍, ന്യൂസ് എഡിറ്റര്‍ വി. അജയകുമാര്‍, ചീഫ് റെവന്യൂ ഓഫീസര്‍ ജെറി എ.എം തുടങ്ങിയവരും മാധ്യമ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. കൊച്ചി നഗരം കേന്ദ്രീകരിച്ച് കൂടുതല്‍ വാര്‍ത്താവിനിമയ സൗകര്യങ്ങളോടെയും മികച്ച സാങ്കേതിക തികവോടെയുമാണ് പുതിയ റീജിയണല്‍ ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്.