അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി ആരോപണം ബി.ജെ.പിയുടെ കെട്ടുകഥ

Jaihind Webdesk
Monday, September 24, 2018

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിൽ ഒരു തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ലെന്ന് ഇറ്റാലിയൻ കോടതി. 2010 ൽ 12 ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള കരാറിൽ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. അതാണിപ്പോൾ മിലാനിലെ കോടതി തള്ളിയിരിക്കുന്നത്.

യു.പി.എ സർക്കാറിനെതിരെ മോദിയും ബി.ജെ.പി യും ഉയർത്തിയ കെട്ടുകഥയായിരുന്നു അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ അഴിമതിയാരോപണമെന്ന് സാധൂകരിക്കുന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന കോടതി വിധി.

3,456 കോടി രൂപയ്ക്ക് 12 വി.വി.ഐ.പി ഹെലികോപ്റ്റർ വാങ്ങാനുണ്ടാക്കിയ കരാറിൽ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടർന്ന് കരാർ റദ്ദാക്കിയിരുന്നു. എന്നാൽ അഴിമതി ആരോപണത്തിൽ യാതൊരു തരത്തിലുള്ള തെളിവുകളോ രേഖകളോ ഇല്ല എന്ന് കോടതി കണ്ടെത്തി.

2010ലാണ് ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായി യു.പി.എ സർക്കാർ കരാറിൽ എത്തിയത്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ തുടങ്ങി രാജ്യത്തെ 12 മുതിർന്ന നേതാക്കൾക്ക് സഞ്ചരിക്കാൻ വേണ്ടിയാണ് ഹെലികോപ്റ്റർ വാങ്ങാൻ തീരുമാനിച്ചത്. എന്നാൽ 2014 ജനുവരിയിൽ കരാറിൽ 423 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് കരാർ ഇന്ത്യ ഉപേക്ഷിച്ചു.

എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കോൺഗ്രസ് നേതാക്കളെ ലക്ഷ്യം വച്ച് മോദിയും ബി.ജെ.പിയും രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇറ്റാലിയൻ കോടതിയുടെ വിധി വന്നിരിക്കുന്നത്.