‘ആസാദ് പ്രതിഷേധിച്ചത് പാകിസ്ഥാനിലല്ല ; പ്രതിഷേധിക്കുന്നതില്‍ തെറ്റെന്ത്? അത് അവകാശമാണ്’ : ഡല്‍ഹി പൊലീസിനെ നിർത്തിപ്പൊരിച്ച് കോടതി

Jaihind News Bureau
Tuesday, January 14, 2020

 

ന്യൂഡല്‍ഹി : ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ അറസ്റ്റില്‍ ഡല്‍ഹി പൊലീസിന് രൂക്ഷ വിമർശനവുമായി ഡല്‍ഹി തീസ് ഹസാരി കോടതി.  ജമാ മസ്ജിദിനടുത്തുള്ള ദരിയാ ഗഞ്ജില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്‍റെ പേരിലായിരുന്നു ചന്ദ്രശേഖർ ആസാദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

അക്രമത്തിനും കലാപത്തിനും ആഹ്വാനം ചെയ്തെന്ന് ആരോപിച്ചാണ് ചന്ദ്രശേഖ‍ർ ആസാദ് അറസ്റ്റ് ചെയ്യപ്പെട്ടത്. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. നിലവിൽ ഡിസംബർ 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചന്ദ്രശേഖർ ആസാദ്. പൊലീസ് അനുമതി നിഷേധിച്ചിട്ടും ജമാ മസ്ജിദിൽ നിന്ന് ജന്തർ മന്തർ വരെ മാർച്ച് നടത്തിയെന്നതാണ് ആസാദിനെതിരായ മറ്റൊരു കേസ്. ജമാ മസ്ജിദിൽ പ്രതിഷേധിക്കുന്നതിൽ എന്താണ് തെറ്റെന്ന് കേസ് പരിഗണിച്ച സെഷൻസ് ജഡ്ജി കാമിനി ലോ ചോദിച്ചു.

‘ജമാ മസ്ജിദ് എന്താ പാകിസ്ഥാനിലാണോ? അവിടെയെന്താ പ്രതിഷേധിച്ചുകൂടേ? പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് അറിഞ്ഞുകൂടേ? പ്രതിഷേധിക്കുക എന്നത് ഒരു പൗരന് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണ്. ധർണയിലോ പ്രതിഷേധത്തിലോ എന്താണ് തെറ്റ്? നിങ്ങളെന്താണ് ഇതിനെക്കുറിച്ച് ധരിച്ചുവെച്ചിരിക്കുന്നത്? –  കോടതി ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചു.

പ്രതിഷേധിക്കുന്നതിന് അനുമതി വാങ്ങണമല്ലോ എന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ ചോദ്യത്തിനും കോടതി കടുത്ത ഭാഷയിലാണ് മറുപടി നല്‍കിയത്. എന്ത് അനുമതി എന്നു ചോദിച്ച കോടതി തുടർച്ചയായി 144 പ്രഖ്യാപിക്കുന്നത് അധികാര ദുർവിനിയോഗമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നതും ചൂണ്ടിക്കാട്ടി. പ്രതിഷേധം നടന്നതിനെക്കുറിച്ച് ഡല്‍ഹി പൊലീസ് വിവരിക്കുന്നത് കേട്ടാൽ ജമാ മസ്ജിദ് പാകിസ്ഥാനിലാണെന്ന് തോന്നുമല്ലോ എന്നും കോടതി വിമർശിച്ചു. നിങ്ങള്‍ ഭരണഘടന തന്നെ വായിച്ചിട്ടില്ലേ എന്നും ഒരുവേള പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ആരാഞ്ഞു.

‘പാർലമെന്‍റിന് പുറത്ത് നിരവധി ധർണകളും പ്രതിഷേധങ്ങളും നടക്കാറില്ലേ? അവരൊക്കെ ഇപ്പോൾ പല മുതിർന്ന നേതാക്കളാണ്, മുഖ്യമന്ത്രിമാരാണ്. അതും ഓർക്കണം’ – കോടതി ചൂണ്ടിക്കാട്ടി.

താന്‍ ഉദ്ദേശിച്ചത് അതല്ലെന്നും ചന്ദ്രശേഖർ ആസാദ് കലാപത്തിന് ആഹ്വാനം നൽകുന്ന തരത്തിൽ പ്രസംഗിച്ചത് പൊലീസിന്‍റെ ഡ്രോണ്‍ ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നുവെന്നും പ്രോസിക്യൂട്ടർ വാദിച്ചു. എങ്കിൽ ആ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ എവിടെ എന്നും കോടതി ചോദിച്ചു.