അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരേ ഇറാഖി ജനതയുടെ പ്രതിഷേധം രണ്ടാം ഘട്ടത്തിലേക്ക്

Jaihind News Bureau
Saturday, October 26, 2019

അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരേ ഇറാഖി ജനത ആരംഭിച്ച പ്രതിഷേധം രണ്ടാം ഘട്ടത്തിലേക്ക്. മൂന്ന് ആഴ്ച്ചത്തെ ഇടവേളയ്ക്കുശേഷം പ്രക്ഷോഭം വീണ്ടും ശക്തിയാർജിച്ചുവരികയാണ്. ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിൽ വെള്ളിയാഴ്ച 21 പേർ മരിച്ചു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു.

ഇറാഖിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് ഇറാഖി ജനം തെരഞ്ഞെടുത്തത് ബാഗ്ദാദിലെ തഹ്രീർ ചത്വരമാണ്. ഈജിപ്തയൻ ജനതയുടെ അതേ ആവശ്യമുയർത്തിആയിരക്കണക്കിന് പ്രക്ഷോഭകരാണ് ഇതുവരെയും ഇറാഖ് തലസ്ഥാന നഗരിയായ ബാഗ്ദാദിലെ തഹ്രീർ ചത്വരത്തിൽ എത്തിയത്. സർക്കാർ രാജിവെക്കുന്നത് വരെ ഇവിടെ സമരം തുടരുമെന്നാണ് പ്രക്ഷോഭകർ പറയുന്നത്. ഇറാഖിൽ രൂക്ഷമായ ഭരണവിരുദ്ധ പ്രക്ഷോഭം രണ്ടാം ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഒക്ടോബർ ആദ്യ വാരം മുതൽ തുടങ്ങിയ സർക്കാർ വിരുദ്ധ പ്രക്ഷോഭം സുരക്ഷാ സൈന്യത്തിന്‍റെ ആക്രമണത്താൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇറാഖ് പ്രധാനമന്ത്രി അദെൽ അബ്ദെൽ ഹരീരി ഭരണത്തിലേറി ഒരു വർഷ തികയുന്ന വെള്ളിയാഴ്ച പ്രതിഷേധം വീണ്ടും തുടങ്ങിയിരിക്കുകയാണ്. എന്‍റെ രാജ്യത്തെ തിരിച്ചു വേണം എന്നാണ് പ്രക്ഷോഭകർ മുദ്രാവാക്യം വിളിക്കുന്നത്. ഇറാഖ് ഷിയ നേതാവ് അയത്തൊള്ള അലി സിസ്താനി പ്രക്ഷോഭകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ വെള്ളിയാഴ്ച വരെയാണ് സർക്കാരിന് സമയം നൽകിയത്. ഈ സമയ പരിധി ഇന്നവസാനിക്കുന്നതിനാൽ പ്രക്ഷോഭകരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത.

പ്രക്ഷോഭം അടിച്ചമർത്താനായി ഇന്‍റർനെറ്റ് വിഛേദിച്ചതും വൻ പ്രതിഷേധമായിരുന്നു. സർക്കാരിനെതിരെ നടത്തിയ പ്രക്ഷോഭത്തിനെതിരെ സുരക്ഷാ സൈന്യം നടത്തിയ ആക്രമണത്തിൽ ഇതുവരെ 157 പേരാണ് മരണപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

വേൾഡ് ബാങ്കിന്റെ കണക്കു പ്രകാരം ഇറാഖിലെ 5 പേരിൽ ഒരാൾ പട്ടിണിയിലാണ്. 25 ശതമാനമാണ് ഇറാഖിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ.

ട്രാൻസ്പരൻസി ഇന്‍റർ നാഷണലിന്‍റെ കണക്കു പ്രകാരം അഴിമതികൂടിയ രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഇറാഖിന്റെ സ്ഥാനം. ഐ.എസിനെ തുരത്തിയ ശേഷം അധികാരത്തിലേറിയ പ്രധാനമന്ത്രിക്ക് വലിയെ വെല്ലുവിളിയാണ് ഇപ്പോഴത്തെ പ്രക്ഷോഭം. ഇറാഖ് ഈയടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭമാണിത്. അതേ സമയം ഇറാഖിലെ കുർദുകളുടെ മേഖല പ്രക്ഷോഭത്തിൽ നിന്നു വിട്ടു നിൽക്കുകയാണ്.