ബി.ജെ.പി സംസ്ഥാന ഘടകത്തിൽ ഗ്രൂപ്പ് പോര് രൂക്ഷമാവുന്നു

Jaihind Webdesk
Thursday, September 20, 2018

പി.എസ് ശ്രീധരൻ പിള്ള ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്‍റായതിനു പിന്നാലെ പാർട്ടിയിൽ ഗ്രൂപ്പ് പേര് രൂക്ഷമാവുന്നു. പുതിയ സംസ്ഥാന അധ്യക്ഷനെതിരെ മുരളീധര വിഭാഗമാണ് നിലപാട് കടുപ്പിച്ച് രംഗത്ത് വന്നിട്ടുള്ളത്. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യവും റാഫേൽ കരാറിലെ അഴിമതിയും ബി.ജെ.പിക്ക് തിരിച്ചടിയാകുമ്പോഴാണ് ബി.ജെ.പി സംസ്ഥാന ഘടകത്തിൽ ഗ്രൂപ്പ് പോര് മൂർച്ഛിക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പു സമയത്ത് ബി.ജെ.പിയും നരേന്ദ്രമോദിയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന് പ്രതിപക്ഷം ആരോപണമുയർത്തിയരുന്നു. എന്നാൽ തെരെഞ്ഞെടുപ്പു കാലത്തെ വാഗ്ദാനങ്ങൾ എല്ലാം പാലിക്കാനാവില്ലെന്നായിരുന്ന ശ്രീധരൻ പിള്ളയുടെ നിലപാട്. ഇതിനെ പരോക്ഷമായി എതിർത്ത് മുരളീധര പക്ഷത്തെ പ്രമുഖ നേതാവ് ഫേയ്‌സ് ബുക്കിലിട്ട കുറിപ്പാണ് ബി.ജെ.പിയിൽ പുതിയ പോർമുഖം തുറന്നത്.

പാർട്ടി നേതൃത്വം ഇതിനെ ഗൗരമായി കണക്കിലെടുത്തതോടെ പോസ്റ്റ് പിൻവലിക്കാൻ നേതാവ് നിർബന്ധിതനാവുകയും ചെയ്തു. വരുന്ന പാർലമെന്റ് തെരെഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ കണ്ടെത്തി മത്സരിപ്പിക്കണമെന്ന തീരുമാനവും മുരളീധരപക്ഷത്തെ പ്രമുഖരെ ഒതുക്കാനാണെന്ന സന്ദേശമാണ് നൽകുന്നത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കാസർകോട് നിന്നും മത്സരിച്ച കെ.സുരേന്ദ്രന് സീറ്റ് നൽകേണ്ടതില്ലെന്ന തീരുമാനമാണ് മുരളീധരപക്ഷത്തെ പ്രമുഖരെ ചൊടിപ്പിച്ചിട്ടുള്ളത്. ശ്രീധരൻ പിള്ളയെ പുതിയ അധ്യക്ഷനായി നിയമിച്ചെങ്കിലും നിലവിലെ സംസ്ഥാന കമ്മറ്റിയിൽ അഴിച്ചുപണി നടത്താൻ കേന്ദ്രനേതൃത്വം തയ്യാറായില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും വി. മുരളീധരനെ മാറ്റി നിർത്താൻകേന്ദ്രനേതൃത്വം തീരുമാനിച്ചതോടെയാണ് മുരളീധരന് രാജ്യസഭാംഗത്വത്തിന് നറുക്ക് വീണത്.

ഇതേത്തുടർന്ന് മരളീധരപക്ഷത്തെ ദുർബലമാക്കി ഇല്ലാതാക്കാനാണ് കൃഷ്ണദാസ് പക്ഷത്തിന്‍റെ ശ്രമം. എന്നാൽ തന്റെയൊപ്പം നിൽക്കുന്നവർക്ക് പാർട്ടിയുടെ നേതൃതലത്തിൽ അർഹമായ പ്രാതിനിധ്യം വേണമെന്ന കടുത്ത നിലപാടാണ് മുരളീധരൻ സ്വീകരിച്ചിട്ടുള്ളത്. ഇതോടെ പുതുമുഖങ്ങളെ സംസ്ഥാന കമ്മറ്റിയിൽ ഇപ്പോൾ ഉൾക്കൊള്ളിക്കേണ്ടന്ന വികാരമാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. ബി.ജെ.പിയെ നിയന്ത്രിക്കുന്ന ആർ.എസ്.എസിന് സംസ്ഥാനത്ത് നിലവിലിരിക്കുന്ന പാർട്ടി സംവിധാനത്തിൽ അതൃപ്തിയുണ്ട്. ഈ അതൃപ്തി കൃഷ്ണദാസ് പക്ഷം മുതലെടുത്തതോടെയാണ് കെ.സുരേന്ദ്രന് പ്രസിഡന്‍റ് പദവി കൈവിടേണ്ടി വന്നത്. ആർ.എസ്.എസിനോട് ആലോചിക്കാതെ കുമ്മനം രാജശേഖരനെ പ്രസിഡന്റ് പദവിയിൽ നിന്നും നീക്കിയത് വിവാദമായിരുന്നു.

പി.എസ് ശ്രീധരൻ പിള്ള സംസ്ഥാന നേതൃപദവിയിലെത്തിയിട്ടും പാർട്ടിയുടെ പഴയകാല നേതാക്കളായ രാമൻ പിള്ളയെയും പി.പി മുകുന്ദനെയും സജീവമാക്കാൻ കഴിയാതെ വരുന്നത് ഗ്രൂപ്പ് പോര് മൂലമാണെന്ന് പാർട്ടിയിലെ ചില നേതാക്കൾ തന്നെ അടക്കം പറയുന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലടക്കം ബി.ഡി.ജെ.എസിന്റെ പിന്തുണയോടെ നടത്തിയ മുന്നേറ്റം ഇക്കുറി ആവർത്തിക്കാനുള്ള രാഷ്ട്രീയ സാഹചര്യവും സംസ്ഥാനത്തില്ലെന്ന വിലയിരുത്തൽ പാർട്ടിയിൽ ശക്തമാണ്. ബി.ഡി.ജെ.എസിനു സ്ഥാനമാനങ്ങൾ നൽകിയെങ്കിലും പ്രവർത്തകരുടെ അവമതിപ്പും ബി.ഡി.ജെ.എസിലെ ഒരു വിഭാഗവും ബി.ജെ.പി ബന്ധത്തെ അംഗീകരിക്കാത്ത നിലയാണുള്ളത്.ഇതിനു പുറമേ മറ്റ് പാർട്ടികളിൽ നിന്നും നേതാക്കളെ അടർത്തിയെടുക്കാനുള്ള നീക്കവും അസ്ഥാനത്തായതോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ നില പരുങ്ങലിലായി.