പിആർ വർക്കില്‍ മറ തീര്‍ത്ത മരണങ്ങള്‍; ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് അട്ടപ്പാടിയില്‍ 54 ശിശു മരണങ്ങള്‍

Jaihind Webdesk
Monday, November 29, 2021

 

തിരുവനന്തപുരം : ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് 54 ശിശു മരണങ്ങൾ ഉണ്ടായെന്ന് പട്ടികജാതി-പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ സഭയില്‍. 2016 മെയ് മുതൽ 2021 മെയ് വരെയുള്ള കണക്കാണിത്. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് മറതീര്‍ക്കാന്‍ സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ചുള്ള പിആർ വർക്കിൽ പിണറായിക്കും അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെകെ ശൈലജയ്ക്കും കഴിഞ്ഞു എന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങി. ആരോഗ്യരേഖത്തെ കേരള മോഡല്‍ എന്ന പ്രചാരണത്തെ ചോദ്യം ചെയ്യുന്ന യാഥാര്‍ത്ഥ്യമായി അട്ടപ്പാടി ഇന്നും നിലനില്‍ക്കുന്നു.

2020 വർഷത്തേക്കാള്‍ ശിശു മരണനിരക്ക് അട്ടപ്പാടിയിൽ കുറവാണ് എന്നാണ് മന്ത്രി കെ രാധകൃഷ്ണൻ നിയമസഭയെ 23/07 /21 ൽ അറിയിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ മാത്രം 4 ശിശു മരണങ്ങളാണ് അട്ടപ്പാടിയിൽ ഉണ്ടായത്. അട്ടപ്പാടിയിലെ ശിശു മരണങ്ങളെ കുറിച്ച് എൻ ഷംസുദ്ദിൻ എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മന്ത്രി കെ.രാധാകൃഷ്ണൻ രേഖാമൂലം നൽകിയ മറുപടിയിലാണ് വിശദാംശങ്ങൾ ഉള്ളത്. അട്ടപ്പാടിയിലെ ശിശു മരണങ്ങൾ വർഷം, എണ്ണം ക്രമത്തിൽ ; 2016 – 8, 2017 – 14, 2018 – 13, 2019 – 7, 2020 – 10, 2021 (മെയ് വരെ) – 2.

 

നാല് ദിവസത്തിനിടെ നവജാത ശിശുക്കളടക്കം അഞ്ചു കുട്ടികളും പ്രസവത്തെ തുടര്‍ന്ന് ഒരമ്മയുമാണ് അഗളി, അട്ടപ്പാടി മേഖലയില്‍ മരിച്ചത്. ഹൃദയസംബന്ധമായ പ്രശ്‌നം, ന്യുമോണിയ, സെറിബ്രല്‍ പാഴ്‌സി തുടങ്ങിയ അസുഖബാധിതരായാണ് കുട്ടികള്‍ മരിക്കുന്നത്. അരിവാള്‍ രോഗം പോലുള്ള ജനിതക രോഗബാധിതരായ നിരവധി അമ്മമാരും ഈ ഗോത്രമേഖലയിലുണ്ട്. നവജാത ശിശുക്കളുടെ മരണനിരക്കാണ് കൂടുതല്‍ എന്നതാണ് ഞെട്ടിക്കുന്നത്. ഈ വര്‍ഷം അവസാനിക്കാറാകുമ്പോള്‍ ഇതുവരെ ഒമ്പത് നവജാത ശിശുക്കള്‍ അട്ടപ്പാടിയിലെ ആദിവാസി മേഖലകളില്‍ മരണപ്പെട്ടു. കേരളത്തിലെ മൊത്തം ശിശുമരണ നിരക്കിനെക്കാള്‍ മുകളിലാണ് അട്ടപ്പാടിയിലെ കണക്ക്.

അട്ടപ്പാടിയിലെ ബഹുഭൂരിപക്ഷം ഗര്‍ഭിണികളും പോഷകാഹാര കുറവും വിവിധതരം രോഗങ്ങളും പേറുന്നവരാണ്. ആരോഗ്യമില്ലാത്ത അമ്മമാര്‍ പ്രസവിക്കുന്ന കുട്ടികളാണ് കൂടുതലായും മരണപ്പെടുന്നതും. അട്ടപ്പാടിയിലെ 80 ശതമാനം അമ്മമാര്‍ക്കും കടുത്ത രക്തക്കുറവുണ്ടെന്ന് പഠന റിപ്പോര്‍ട്ടുകളുണ്ട്. നവജാതശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് 2014ല്‍ തമ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മരിച്ച നവജാതശിശുക്കളുടെ അമ്മമാരെ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 80 ശതമാനം അമ്മമാരിലും ഹീമോഗ്ലോബിന്‍റെ അളവ് പത്തില്‍ താഴെയായിരുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളില്‍ 87 ശതമാനം പേര്‍ക്കും വലിയ പോഷകക്കുറവുണ്ട്. ആരോഗ്യമില്ലാത്ത ഇവര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളും സ്വാഭാവികമായും ആരോഗ്യമില്ലാത്തവരാകുന്നു.

അട്ടപ്പാടിയിലെ സ്ഥിതിക്ക് മാറ്റം വരുത്തുന്നതിനായി അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ആശയമാണ് കമ്യൂണിറ്റി കിച്ചന്‍ അഥവാ സമൂഹ അടുക്കള. ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ആറ് വയസിന് താഴെയുള്ള കുട്ടികള്‍, കൗമാരക്കാര്‍, അറുപത് വയസിന് മുകളില്‍ പ്രായം ചെന്നവര്‍ എന്നിങ്ങനെ അതാത് ഊരുകളില്‍ നിന്നുള്ള ഗുണഭോക്താക്കളെ കണ്ടെത്തി അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും നല്‍കുക എന്നതായിരുന്നു ആദ്യഘട്ടത്തില്‍ നടപ്പിലായ സമൂഹ അടുക്കള പദ്ധതി. എന്നാല്‍ ഇതിന്‍റെ പ്രവര്‍ത്തനവും ഇപ്പോള്‍ കാര്യക്ഷമമല്ലെന്നതാണ് ദയനീയം.

2017 ഡിസംബറില്‍ നെല്ലിയാമ്പതി ഊരില്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തുകയും ശിശുമരണങ്ങള്‍ തുടരുന്നതെന്തുകൊണ്ടെന്ന് പഠനം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. യൂണിസെഫിന്‍റെ സഹായവും സര്‍ക്കാര്‍ തേടിയിരുന്നു. ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നാണ്.  എന്നാല്‍ ഇതെല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങി. ആദിവാസി മേഖലകളുടെ അടിസ്ഥാനസൗകര്യ വികസനം, സമഗ്ര ആരോഗ്യ വികസനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കായി കോടികളുടെ പാക്കേജുകള്‍  കൊണ്ടുവന്നിട്ടും അട്ടപ്പാടിയിലെ ശിശു മരണം തുടരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ട ഉത്തരവാദിത്വം  സര്‍ക്കാരിനുണ്ട്. പിആർ വർക്കിലൂടെ മറച്ചുവെക്കേണ്ടതല്ല, സഹജീവികളാണെന്ന യാഥാർത്ഥ്യം മനസിലാക്കി ആത്മാർത്ഥതയോടെ ഇടപെടേണ്ടതാണ് അട്ടപ്പാടി വിഷയമെന്ന ബോധ്യമാണ് സര്‍ക്കാരിന് ഉണ്ടാകേണ്ടത്.