ഇന്ത്യ – വിൻഡീസ് അവസാനത്തെ ടെസ്റ്റിന് ഇന്ന് തുടക്കം

Jaihind News Bureau
Friday, August 30, 2019

ഇന്ത്യ വിൻഡീസ് രണ്ടാമത്തേയും അവസാനത്തെയും ടെസ്റ്റിന് ഇന്ന് തുടക്കം. സമ്പൂർണ ജയം ഉറപ്പിക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ ആശ്വാസ ജയം നേടുക എന്നതാവും വിൻഡീസ് ലക്ഷ്യം. കിങ്സ്റ്റണിലെ സബീന പാർക്കിൽ ഇന്ന് രാത്രി എട്ടിനാണ് മത്സരം.

കൂടുതൽ വെല്ലുവിളി എതിർ പാളയത്തിൽ നിന്നും ലഭിക്കകാതെ തന്നെ ആദ്യ കളി ഇന്ത്യ നേടിയിരുന്നു. ആ ജയം തുടരാനുറച്ചാകും ഇന്ത്യ ഇന്ന് ഇറങ്ങുക. നോർത്ത് സൗണ്ടിൽ നടന്ന ഒന്നാം ടെസ്റ്റിൽ 318 റണ്ണിന്റെ ആധികാരിക ജയമായിരുന്നു ഇന്ത്യ നേടിയത്.

എതിരാളികളുടെ നാട്ടിൽ റണ്ണടിസ്ഥാനത്തിൽ ഏറ്റവും വലിയ ജയമാണ് കുറിച്ചത്. രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയും വിൻഡീസ് ബാറ്റിങ് നിരയെ പിഴുതെറിഞ്ഞ പേസർ ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യക്ക് വമ്പൻ ജയം സമ്മാനിച്ചത്.

അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് മത്സരം നിർണായകമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയനായകനാകാൻ തയ്യാറെടുക്കുകയാണ് കോഹ്ലി. കരീബിയക്കാർക്കെതിരെ ജയിച്ചാൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് ജയങ്ങളിൽ നയിച്ച നായകനാകും കോഹ്ലി. നിലവിൽ 27 ജയങ്ങളുമായി മഹേന്ദ്രസിങ് ധോണിക്കൊപ്പമാണ് ഇന്ത്യൻ ക്യാപ്റ്റൻ.

ആദ്യ ടീമിൽ നിന്ന് വ്യത്യസ്തമായി വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തിനു പകരം വൃദ്ധിമാൻ സാഹ എത്തിയേക്കും. പരിക്കുകാരണം ഒരു വർഷമായി സാഹ കളത്തിനു പുറത്താണ്. വിൻഡീസ് ടീമിലും ചെറിയ മാറ്റങ്ങളുണ്ടായേക്കും. ആദ്യ മത്സരത്തിലെ പിഴവുകൾ മറച്ചാകും ടീം മൈതാനത്ത് ഇറങ്ങുക. ഇതിനോടകം മികച്ച വിജയം വിദൂരമായ വിൻഡീസിന് ആശ്വാസ ജയം അനിവാര്യമാണ്.